ഒമ്പതാം ക്ലാസുകാരന് ഓടിച്ച കാറിടിച്ച് നാല് സ്ത്രീകള്‍ മരിച്ചു; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്
ഹൈദരാബാദ്: ഒന്പതാംക്ലാസുകാരന് ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. കാറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ അറസ്റ്റുചെയ്ത പോലീസ് അദ്ദേഹത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണു. മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വാഹനം ഓടിച്ചയാള്‍ അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തുമെന്നും പോലീസ് പറഞ്ഞു.