പെൺകുട്ടികളിൽ ഒരാൾക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു, അത് മുതലെടുത്ത യുവാക്കൾ ഒരുപണിയൊപ്പിച്ചു:
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാളെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടികളുടെ മൊഴി. കോയമ്പത്തൂരിൽ നിന്ന് ബംഗളൂരു ട്രെയിനിൽ കയറിയ പെൺകുട്ടികൾ വൈറ്റ് ഫീൽഡ് എത്താറായപ്പോഴാണ് യുവാക്കളെ പരിചയപ്പെട്ടത്. തങ്ങൾ ഗോവയിലേക്ക് പോവുകയാണെന്നും താമസിക്കാൻ മുറിയെടുത്ത് നൽകണമെന്നുമായിരുന്നു പെൺകുട്ടികളുടെ ആവശ്യം. യുവാക്കൾ തയ്യാറാവുകയും ചെയ്തു. തങ്ങളുടെ ഫ്ളാറ്റിലെത്തി കുളിച്ച് ഫ്രഷായി പോകാമെന്ന് യുവാക്കൾ പറഞ്ഞു. ഇതനുസരിച്ച് എല്ലാവരും ഫ്ളാറ്റിലെത്തി. തുടർന്ന് യുവാക്കൾ പുറത്തുപോയി ഭക്ഷണവും മദ്യവുമായി എത്തി.പെൺകുട്ടികളിൽ ഒരാൾക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പെൺകുട്ടി മദ്യലഹരിയിലായതോടെ യുവാക്കൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് പെൺകുട്ടികൾ ബഹളം വച്ച് പിന്തിരിപ്പിക്കുകയായിരുന്നെന്നും ജുവനൈൽ കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. അതെസമയം പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ( 26), കൊല്ലം കണ്ണനല്ലൂർ സ്വദേശി ടോം തോമസ് ( 26) എന്നിവരെയാണ് ജുവനൈൽ, പോക്സോ വകുപ്പുകൾ ചുമത്തി ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതിനിടെ ഫെബിൻ റാഫി ഓടി രക്ഷപ്പെട്ടു. എന്നാൽ ഒന്നര മണിക്കൂറിനകം ചേവായൂർ പൊലീസ് പിടികൂടി.സ്റ്റേഷനിൽ നിന്ന് 300 മീറ്റർ അകലെ ഗവ. ലോ കോളേജ് പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെട്ടതോടെ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പലയിടങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പ്രതി ദൂരെയൊന്നും പോയിട്ടില്ലെന്ന നിഗമനത്തിൽ കുറ്റിക്കാട്ടിൽ വിശദമായ പരിശോധന നടത്തുന്നതിനിടെയാണ് ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടികളിൽ ഒരാളുടെ കാമുകനായ എടക്കരയിലെ യുവാവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടിയതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് പിടികൂടിയെങ്കിലും പെൺകുട്ടിക്ക് യുവാവിനോടൊപ്പം കഴിയാനാണ് ഇഷ്ടമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കുകയായിരുന്നു. ഈ പെൺകുട്ടിയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോകാൻ നേതൃത്വം നൽകിയത്. പെൺകുട്ടികൾക്ക് ബസ് ടിക്കറ്റ് എടുക്കാൻ 2000 രൂപ ഗൂഗിൾപേയായി നൽകിയതും യുവാവായിരുന്നു. എടക്കരയിലെത്തി യുവാവിൽ നിന്ന് കൂടുതൽ പണം വാങ്ങി ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ചിൽഡ്രൻസ് ഹോമിലെ മോശമായ സാഹചര്യവും ജീവനക്കാരുടെ മോശമായ പെരുമാറ്റവുമാണ് ഒളിച്ചേടാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടികളുടെ മൊഴിയിലുണ്ട്.