മുക്കുപണ്ടം വെച്ച് സ്വകാര്യഫിനാൻസ് സ്ഥാപനത്തിൽ നിന്ന് 1,20,000 രൂപ തട്ടിയ കേസ്; പ്രതികള്‍ പടിയില്‍
തിരുവനന്തപുരം: തിരവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുൽ റഹ്മാൻ, രണ്ടാം ഭാര്യ വള്ളക്കടവ് സ്വദേശിനി റംസി എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 15 നാണ് പ്രതികൾ വണ്ടിത്തടത്തെ അപർണ്ണ ഫിനാൻസിൽ നിന്ന് മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയത്.
അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ഓടെ വെള്ള മാരുതി സ്വിഫ്റ്റ് കാറിലെത്തിയ പ്രതികൾ സ്വർണ്ണം എന്ന വ്യാജേനെ 36 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,20,000 രൂപയുമായി കടയില്‍ നിന്നും ഇറങ്ങി. എന്നാല്‍ പണം വച്ച സ്വർണ്ണത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ ഉടനെ പുറത്തിറങ്ങി കാറിൽ കയറാൻ തുടങ്ങിയ പ്രതികളെ വിളിച്ചെങ്കിലും, പ്രതികൾ കാറിൽ കയറി വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. പ്രതികൾ പൂരിപ്പിച്ച് നൽകിയ ഫോമിൽ 9 അക്ക ഫോണ്‍ നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. സ്ഥാപനത്തിൽ സി.സി.ടി.വി ഇല്ലാതിരുന്നതിനാൽ പ്രതികളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും തടസമായി.
ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ള സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് സംഭവ സ്ഥലത്ത് നിന്ന് കുറച്ച് മാറിയുള്ള സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ സി. ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം സി.ഐ സുരേഷ് വി നായർ, എസ്.ഐ മാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീശ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്റ്റേഷന് പരിതിയില്‍ സമാനമായ മറ്റൊരു കേസിലും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസിലും പ്രതികൾക്കെതിരെ കേസ് നിലവിലുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.