രണ്ടുവർഷം പിന്നിട്ടിട്ടും മാറ്റമില്ല! ഇന്ത്യയിൽ 2,09,918 പുതിയ കൊവിഡ് കേസുകൾ, മരിച്ചത് 959 പേർ
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ആദ്യമായി സ്ഥിരീകരിച്ച് രണ്ടുവർഷം പിന്നിടുമ്പോൾ രാജ്യം മൂന്നാം തരംഗത്തിലൂടെ കടന്നുപോവുകയാണ്. ഇതിനിടെ കൊവിഡിന്റെ ഏഴ് വകഭേദങ്ങളും രാജ്യം നേരിട്ടു. എന്നാൽ രോഗവ്യാപനം വലിയ മാറ്റമില്ലാതെ തന്നെ തുടരുകയും ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 959 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 4,10,92,522 ആയി. 4,94,091 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,628 പേർ രോഗമുക്തി നേടി. 18,31,268 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.37 ശതമാനവും. 1,66,03,96,227 പേർ പൂർണമായും വാക്സിൻ സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി 28 വരെ കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം അറിയിച്ചു.കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,570 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 59,83,515 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ ആഴ്ച 21 ദശലക്ഷം കൊവിഡ് കേസുകളാണ് ലോകത്താകമാനം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊവിഡ് ആദ്യമായി കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയന്ന സ്ഥിരീകരണ നിരക്കാണിത്.