കാസർകോട്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കറന്തക്കാട് പാതയോരത്തുള്ള മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. കറന്തക്കാട് മുതല്‍ നുള്ളിപ്പാടിവരെയാണ് മേൽപാലം നിർമിക്കുന്നത്.
മേൽപാലത്തിന്റെ ജോലി നടക്കുമ്പോൾ ഗതാഗതം മുടങ്ങാതിരിക്കാൻ താത്കാലിക സമാന്തര റോഡിൻറെ നിർമാണവും നടന്നുവരികയാണ്. കറന്തക്കാട് മുതൽ നുള്ളിപ്പാടി വരെയാണ് ഇത്തരത്തിൽ റോഡ് നിർമിക്കുന്നത്.
തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീചിൽ വരുന്ന ഒരേയൊരു മേൽപാലമാണ് കാസർകോട്ടേത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ. കാസർകോട്ട് കറന്തക്കാട് മുതൽ അയപ്പസ്വാമി ക്ഷേത്രം വരെ 1.16 കിലോ മീറ്റർ ദൂരത്തിലും 27 മീറ്റർ വീതിയിലുമായാണ് മേൽപാലം വരുന്നത്.