വരാൻ പോകുന്ന ബഡ്ജറ്റിൽ സംഭവിക്കുന്നതെന്ത്, ഫോണുകളുടെ വില കുത്തനെ ഉയരുമോ? വിദഗ്ദർ പറയുന്നത്
ന്യൂഡൽഹി: 2022ലെ കേന്ദ്ര ബഡ്ജറ്റിനായി രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ബഡ്ജറ്റ്. ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ആരംഭിക്കും. സമീപകാലത്ത് നിരവധി മന്ത്രിമാർ കൊവിഡ് ബാധിതരായിരുന്നു. ഈ സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനം.കേന്ദ്ര ബഡ്ജറ്റിന് മുന്നോടിയായി നിരവധി പ്രതീക്ഷകൾ വിദഗ്ദർ ചർച്ച ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അവതരിപ്പിക്കുന്ന ബഡ്ജറ്റ് കൂടുതൽ ജനപ്രിയമായിരിക്കുമെന്നാണ് പ്രതീക്ഷ. ഗ്രാമീണ മേഖലയിലെ പദ്ധതികൾക്ക് മുൻഗണനയുണ്ടാകും.സമാർട്ട്ഫോണുകളുടെ വില കൂടുമോ കുറയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്മാർട്ട്ഫോൺ വ്യവസായം വിശകലനം ചെയ്യുമ്പോൾ, ശരാശരി വിൽപ്പന വില (എഎസ്പി) 14,600 രൂപ യിൽ നിന്ന് 17,800 രൂപയിലേക്കെത്തി. ഇത് ഈ മേഖലയിൽ ഒരു ശുഭസൂചനയാണ്.
വ്യവസായം വരും വർഷങ്ങളിൽ വലിയ ചലനം പ്രതീക്ഷിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ഹാൻഡ്സെറ്റ് വിപണിയായതിനാൽ, വരും വർഷങ്ങളിൽ വിപണി ഏറ്റെടുക്കാൻ ഇന്ത്യൻ നിർമ്മാതാക്കൾ ശ്രമിക്കുകയാണ്. നിലവിൽ, ചൈനീസ് കമ്പനികളായ ഷിയോമി, വിവോ, ഓപ്പോ, റിയൽമി എന്നിവയ്ക്കൊക്കെയാണ് ആധിപത്യം.ഇന്നത്തെ സാഹചര്യത്തിൽ വിപണിയിൽ വിദേശിയരെ മറികടക്കാൻ സഹായിക്കുന്നതിനായി ആഭ്യന്തര കമ്പനികൾക്ക് സഹായം ചെയ്യാൻ വിദഗ്ദർ നിർദേശിക്കുന്നു. നിലവിൽ മൊബൈൽ ഫോണുകളുടെ ജിഎസ്ടി 18% ആണ്, ഇത് 12% ആയി കുറയ്ക്കണമെന്നാണ് വിദഗ്ദർ പറയുന്നത്.