ജോലിക്ക് പോകാൻ നിർബന്ധിക്കുന്നത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ തലയ്ക്കടിച്ചും കുഞ്ഞിനെ തൂക്കിയെറിഞ്ഞും ദേഷ്യം തീർത്ത യുവാവ് പിടിയിൽ
കൊല്ലം: ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. കൊല്ലം തഴുത്തല മിനി കോളനിയിലെ സുധീഷ് ഭവനിൽ സുധീഷ്(27) ആണ് അറസ്റ്റിലായത്.ജോലിക്ക് പോകണമെന്ന് സുധീഷിനോട് ഭാര്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ എന്നും ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നാണ് വിവരം. ജനുവരി 26നും വൈകുന്നേരം ഇതേപേരിൽ വഴക്കുണ്ടാകുകയും സുധീഷ് വിറകുകഷ്ണം എടുത്ത് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ഇവരുടെ ഒന്നര വയസുളള കുഞ്ഞിനെ എടുത്ത് എറിയുകയും ചെയ്തു. കട്ടിലിലേക്ക് വീണ കുട്ടിയ്ക്ക് പരിക്കുണ്ട്.ജോലിക്ക് പോകണമെന്നും പണയം വച്ച സ്വർണാഭരണങ്ങൾ സുധീഷ് തിരികെ എടുത്ത് തരണമെന്നും വഴക്കിനിടെ ഭാര്യ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ സുധീഷിനെ കോടതി റിമാന്റ് ചെയ്തു.