ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കണമെന്ന് കോടതി; ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് കനത്ത തിരിച്ചടി. തിങ്കളാഴ്ച രാവിലെ 10.15ന് ഫോണുകൾ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ചൊവ്വാഴ്ച വരെ സമയം വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബയിൽ നിന്ന് ഫോണുകൾ എത്തിക്കാൻ സമയം വേണമെന്നാണ് ദിലീപിന്റെ വാദം. മൂന്ന് ഫോണുകൾ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.ഡിജിറ്റൽ തെളിവുകൾ നടൻ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി അംഗീകരിക്കുന്നത്. സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ ഫോൺ പരിശോധനയ്ക്ക് നൽകാനാവില്ലെന്ന് ദിലീപ് അറിയിച്ചിരുന്നു.ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഉപഹർജി പരിഗണിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് കേസിൽ സിറ്റിംഗ് ആരംഭിച്ചിരിക്കുകയാണ്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ള ഹാജരായിരി. ഇതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു. ഒന്നുകിൽ ദിലീപിന്റെ മുൻകൂർ ജാമ്യം തള്ളണം അല്ലെങ്കിൽ കസ്റ്റോഡിയൽ ഇന്ററോഗേഷനുവേണ്ടി വിട്ടുനൽകണം എന്നാവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. സർക്കാരിന്റെയും മാദ്ധ്യമങ്ങളുടെയും ഇരയാണ് താനെന്നും ദിലീപ് ആരോപിച്ചു.അതേസമയം, നടൻ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികൾ ശരിയാണെന്ന് പൾസർ സുനി ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ടെന്നും ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടെതെന്നും സിനിമയുടെ കഥ പറയാൻ വന്നയാളാണ് എന്നായിരുന്നു പരിചയപ്പെടുത്തിയതെന്നും പൾസർ സുനി പറഞ്ഞു. ദിലീപ് അന്നേ ദിവസം പണം നൽകിയിരുന്നെന്നും പൾസർ സുനി വെളിപ്പെടുത്തി.