ഇന്ത്യ പെഗാസസ് വാങ്ങി; അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ന്യൂയോർക്ക് ടൈംസ്
ന്യൂയോർക്ക്: ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. 2017ലെ പ്രതിരോധ കരാർ പ്രകാരമാണ് പെഗാസസ് വാങ്ങിയത്.13,000 കോടി രൂപയ്ക്ക് പെഗാസസും മിസൈൽ സംവിധാനവുമാണ് ഇന്ത്യ വാങ്ങിയത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിലാണ് പെഗാസസ് വാങ്ങിയതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷമായി നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടത്.ഇന്ത്യ ഉൾപ്പടെ ലോകത്തിലെ പല സർക്കാരുകൾക്കും ഇസ്രയേൽ പെഗാസസ് വിറ്റുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ പെഗാസസ് വാങ്ങിയെന്ന് ഇതുവരെ ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഒരു അന്വേഷണവും ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.2019ൽ സോഫ്റ്റ്വെയറിനുള്ളിൽ നിയമവിരുദ്ധമായി കടന്നുകയറിയെന്നാരോപിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഇസ്രയേലിന്റെ എൻ എസ് ഒ ഗ്രൂപ്പിനെതിരേ കേസ് ഫയൽ ചെയ്തിരുന്നു. എൻഎസ്ഒ ഗ്രൂപ്പുമായി തങ്ങൾക്ക് ഒരു കരാറും ഇല്ലെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.