ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികൾ എങ്ങനെ ബംഗളൂരുവിലെത്തി? ആറ് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികൾക്ക് സഹായം ചെയ്തത് ആരാണെന്ന് അന്വേഷിച്ച് പൊലീസ്. ഇവർ എങ്ങനെ ബംഗളൂരുവിലെത്തിയെന്നും, ഇതിനായി ആരാണ് സഹായം ചെയ്തതെന്നുമാണ് അന്വേഷിക്കുന്നത്. ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും പൊലീസ് കോടതിയിൽ ഹാജരാക്കുക.ബുധനാഴ്ചയായിരുന്നു പെൺകുട്ടികളെ കാണാതായത്. രണ്ട് പേരെ ബംഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നുമായിരുന്നു കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ യുവാക്കൾക്ക് പെൺകുട്ടികളുമായി നേരത്തെ ബന്ധമൊന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.ട്രെയിനിൽവച്ച് പരിചയപ്പെട്ട യുവാക്കളോട് ബംഗളൂരുവിൽ റൂമെടുക്കാൻ പെൺകുട്ടികൾ സഹായം തേടുകയായിരുന്നു. തങ്ങളുടെ ബാഗുകൾ മോഷണം പോയെന്നും തിരിച്ചറിയൽ കാർഡ് ഉൾപ്പടെ അതിലാണെന്നും പറഞ്ഞാണ് സഹായം തേടിയത്. വൈറ്റ് ഫീൽഡ് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മുറിയെടുക്കാൻ ഒപ്പം ചെല്ലുകയായിരുന്നു എന്നാണ് യുവാക്കളുടെ മൊഴി. ഇവരെ വിശദമായി വീണ്ടും ചോദ്യം ചെയ്യും.ബംഗളൂരുവിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ രാത്രി വൈകിയാണ് പെൺകുട്ടികളെ കോഴിക്കോട്ടെത്തിച്ചത്. അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മിഷൻ ഇവരുടെ മൊഴിയെടുക്കും.