2016 പകുതിക്ക് ശേഷം ആദ്യ ഭാര്യയും ദിലീപും തമ്മിൽ സംസാരം പോലുമുണ്ടായിരുന്നില്ല, പഴയ ഫോണുകൾ തല്ലിപ്പൊട്ടിച്ചതിന് ഞാൻ സാക്ഷി; നടൻ ഭയപ്പെടുന്ന കാര്യത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ
കൊച്ചി: വധശ്രമ ഗൂഢാലോചന കേസിൽ ഫോൺ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കാതിരിക്കാൻ നടൻ ദിലീപ് പറയുന്ന കാരണങ്ങൾ കള്ളത്തരമാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. നടന്റെ പഴയ ഫോണുകൾ നശിപ്പിച്ച് കളഞ്ഞതിന് താൻ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു.ദിലീപ് പറയുന്നത് മുൻ ഭാര്യയുടെ സംഭാഷണവും, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങളും ഫോണിലുണ്ടെന്നാണ്. അതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോൺ ജയിലിൽ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച് കത്തിച്ചു കളഞ്ഞതിന് താൻ ദൃക്സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.2016 പകുതിക്ക് ശേഷം ആദ്യ ഭാര്യയും ദിലീപും തമ്മിൽ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ആ ഫോൺ കൊണ്ടുവന്നാൽ കൂടുതൽ കാര്യങ്ങൾ ദിലീപിന് പറയേണ്ടി വരുമെന്നും, തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ എല്ലാം പൊളിയുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇത് ദിലീപ് ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.