ആഘോഷങ്ങള്‍ക്ക് പുതുമയേകാന്‍ ഇനി കോട്ടപ്പുറത്തെത്താം.
ആദ്യ സര്‍ക്കാര്‍ നിയന്ത്രിത ജലാശയ വേദി കോട്ടപ്പുറത്ത്
ജീവിത്തിലെ ആഘോഷങ്ങള്‍ എന്തുമാകട്ടെ. ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഇനി നീലേശ്വരം കോട്ടപ്പുറത്തെത്താം. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ ജലാശയത്തില്‍ ഒരുക്കിയ ആദ്യത്തെ തുറസ്സായ വിവിധോദ്ദേശ ആഘോഷവേദി (ഓപ്പണ്‍ യൂട്ടിലിറ്റി സെലിബ്രേഷന് പ്ലാറ്റ്ഫോം) കോട്ടപ്പുറത്ത് ഒരുങ്ങി.
500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കോട്ടപ്പുറത്തെ ടൂറിസം വകുപ്പിന്റെ ഫ്ളോട്ടിങ് ബോട്ട് ജെട്ടിയാണ് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മോടികൂട്ടി, രൂപാന്തരം വരുത്തി, അന്താരാഷ്ട്ര നിലവാരമുള്ള ഒഴുകുന്ന വേദിയാക്കി മാറ്റിയിരിക്കുന്നത്. മുപ്പതോളം ഹൗസ്ബോട്ടുകളുള്ള കോട്ടപ്പുറത്ത് ഇങ്ങനൊരു വേദി ഇതാദ്യം.
എട്ട് കോടി രൂപ മുതല്‍ മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിര്‍മ്മിക്കുന്ന ഹൗസ്ബോട്ട് ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഏപ്രിലില്‍ ആരംഭിക്കുന്നതോടുകൂടി ഹൗസ് ബോട്ടുകളുടെ എണ്ണവും, അതിന് ആനുപാതികമായി വിനോദ സഞ്ചാരികളുടെ എണ്ണവും വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടല്‍.
ഹൗസ്ബോട്ട് യാത്രയില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന വേദിയുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കാനാണ് ഡിടിപിസി ഉദ്ദേശിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും വേദി നടത്തിപ്പിന് നല്‍കുക. ആദ്യഘട്ടത്തില്‍ വിജയകരമായി നടത്തിപ്പ് പൂര്‍ത്തിയാക്കിയാല്‍ തുടര്‍ ടത്തിപ്പിനുള്ള സാധ്യതകൂടി ഉള്‍പ്പെടുത്തിയായിരിക്കും ലീസിന് നല്‍കുക.
വിവാഹവുമായി ബന്ധപ്പെട്ട ഔട്ട് ഡോര്‍ ഫോട്ടോ ഷൂട്ടിംഗ്, പിറന്നാളാഘോഷം, അത്താഴ സല്‍ക്കാരം, കുടുംബ സംഗമം, വാലന്ടൈന്സ് ഡേ സെലിബ്രേഷന്, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്നിവക്ക് ആകര്‍ഷകമായ വേദിയാക്കി ഇത് മാറ്റാവുന്നതാണെന്ന് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു.
കരാര്‍ അടിസ്ഥാനത്തില്‍ നടത്തിപ്പിനായി വേദി ആവശ്യമുള്ളവര്‍ക്കുള്ള അപേക്ഷ ഫോറം വിദ്യാനഗറിലുള്ള ഡിടിപിസി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5. ഫോണ്‍ 9746462679 & +91 4994 256450