മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേരമകൾ തൂങ്ങിമരിച്ച നിലയിൽ
മംഗ്ളുറു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പയുടെ പേരമകളെ ബെംഗ്ളൂറിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാമത്തെ മകൾ പത്മാവതിയുടെ മകൾ ഡോ. സൗന്ദര്യ (30) യാണ് മരിച്ചത്.
ബെംഗ്ളുറു വസന്ത് നഗറിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു. കോളിംഗ് ബെലടിക്കുകയും വാതിലിൽ മുട്ടുകയും ചെയ്തിട്ടും പ്രതികരണം ഇല്ലെന്ന് വീട്ടുവേലക്കാരാണ് ഭർത്താവ് ഡോ. നിരഞ്ജനെ അറിയിച്ചത്.
മൊബൈൽ ഫോണിൽ വിളിച്ച് മറുപടി ഇല്ലാത്തതിനെ തുടർന്ന് വീട്ടിൽ എത്തിയ നിരഞ്ജൻ മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറക്കുകയായിരുന്നു. തൂങ്ങിക്കിടന്ന സൗന്ദര്യയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 2018 ലായിരുന്നു ഡോക്ടർ ദമ്പതികളുടെ വിവാഹം. ഒമ്പത് മാസം പ്രായമായ കുഞ്ഞുണ്ട്.