കടുത്ത നാശം വിതച്ച് ‘അന’ കൊടുങ്കാറ്റ്, വിവിധ രാജ്യങ്ങളിലായി മരിച്ചത് 147 പേർ
പ്രിട്ടോറിയ: അതിശക്തമായ ‘അന’ കൊടുങ്കാറ്റിൽ വിവിധ രാജ്യങ്ങളിലായി 147 പേർ മരിച്ചു. ദക്ഷിണാഫ്രിക്ക, മലാവി, മഡഗാസ്കർ, മൊസാംബിക് എന്നി രാജ്യങ്ങളിലാണ് കാറ്റ് കടുത്ത നാശനഷ്ടം ഉണ്ടാക്കിയത്. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ദക്ഷിണാഫ്രിക്കയിൽ 70 പേർ മരണപ്പെട്ടു. മഡഗാസ്കറിൽ 48 ഉം മലാവിയിൽ 11 ഉം മൊസാംബിക്കിൽ 18 പേരും മരിച്ചു.കാറ്റിനെ തുടർന്ന് മലാവിയിൽ അതിശക്തമായ വെള്ളപൊക്കം ഉണ്ടായി. ജല വിതരണം പൂർണമായി തടസപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കാറ്റിനേയും വെള്ളപൊക്കത്തേയും തുടർന്ന് മൊസാംബിക്കിൽ 10000 വീടുകളും നിരവധി സ്കൂളുകളും ആശുപത്രികളും തകർന്നു. കൊടുങ്കാറ്റ് കടന്നുപോയതിന് ശേഷവും ചില പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. നിരവധി ആളുകളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ രാജ്യത്ത് ഉണ്ടാകുന്നില്ല. എന്നാൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഞങ്ങളെന്ന് മൊസാംബിക് പ്രധാനമന്ത്രി കാർലോസ് അഗോസ്റ്റിന്യോ ഡോ റൊസാരിയോ പ്രതികരിച്ചു. അതിശക്തമായ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്ന് മൊസാംബിക്കിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ മിർട്ട കൗലാർഡ് വ്യക്തമാക്കി.മഡഗാസ്കറിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വീടുകൾ തകർന്നു. മലാവിയിൽ പ്രളയത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ മഹാസമുദ്രത്തിൽ മറ്റൊരു കൊടുങ്കാറ്റ് രൂപപ്പെടുമെന്ന റിപ്പോർട്ടുകളുണ്ട്.