പേരിനൊപ്പം ‘ഭായ്’ എന്ന് വിളിച്ചില്ല; യുവാവിനെ ക്രൂരമായി മർദിച്ച് നിലത്തുകിടന്ന ബിസ്കറ്റ് കഴിപ്പിച്ചു , അഞ്ചുപേർക്കെതിരെ കേസ്
പൂനെ: 20വയസുകാരനെ ക്രൂരമായി മർദിച്ചതിന് പ്രായപൂർത്തിയാവാത്ത രണ്ടുപേരടക്കം അഞ്ച് പേർക്കെതിരെ കേസ്. സംഘം ചേർന്ന് മർദിച്ചതിന് പിന്നാലെ നിലത്തേക്കെറിഞ്ഞ ബിസ്കറ്റ് കഴിപ്പിക്കുകയും ചെയ്തു. ഇന്നലെ പൂനെ ജില്ലയിലെ ചിൻച്വാദിലാണ് സംഭവം നടന്നത്.പ്രതികളിലൊരാളെ ഭായ് എന്നതിനു പകരം പേര് വിളിച്ചതിൽ പ്രകോപിതനായാണ് ഇവർ ഇരയെ മർദിച്ചത്. 20കാരനെ പ്രതികളിലൊരാൾ ബെൽറ്റുകൊണ്ട് മർദിക്കുന്നതും മറ്റുള്ളവർ അതിനൊപ്പം ചേരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ ഇവർ നിലത്തേക്ക് ബിസ്കറ്റ് വലിച്ചെറിയുകയും അത് നിലത്തുനിന്നെടുത്ത് കഴിക്കാൻ യുവാവിനെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതികളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.