മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഇ.സോമനാഥ് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റുമായ ഇ.സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: രാധ, മകള്‍: ദേവകി, മരുമകന്:മിഥുന്. സംസ്കാരം ശാന്തി കവാടത്തില്‍.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സോമനാഥ്. നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂര്‍വത കണക്കിലെടുത്ത് സാമാജികര്‍ക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമില്‍ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സോമനാഥിനെ ആദരിച്ചിരുന്നു. മുപ്പതുവര്‍ഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്.
വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂള്‍ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലന് നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രേമകുമാരി (റിട്ട. അധ്യാപിക, മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സര്‍വകലാശാല ക്യാംപസ്), വേലായുധന്‍കുട്ടി (റിട്ട. അധ്യാപകന്, സി.ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസര്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്), ജാനകി ദേവി (റിട്ട. അധ്യാപിക, നേറ്റീവ് എയുപി സ്കൂള്‍), ബാലസുബ്രഹ്മണ്യം.