കാമുകിയുടെ ജാമ്യത്തിന് പണം കണ്ടെത്തുന്നതിനുള്ള മോഷണത്തിനിടെ കൊലപാതകം; 21 വര്‍ഷത്തിന് ശേഷം വധശിക്ഷ
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി അമേരിക്ക. 21 വര്‍ഷം മുന്‍പ് നടന്ന ഒരു ഇരട്ടക്കൊലപാതകത്തിലാണ് പ്രതിയായ ഡൊണാള്‍ഡ് ഗ്രാന്റിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2001ല്‍ ഡൊണാള്‍ഡിന് 25 വയസ്സ് പ്രായമുള്ളപ്പോഴാണ് ഒരു മോഷണ ശ്രമത്തിനിടെ രണ്ട് ഹോട്ടല്‍ ജീവനക്കാരെ കൊലപ്പെടുത്തിയത്.
ജയിലില്‍ കഴിയുകയായിരുന്ന തന്റെ കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനാണ് ഇയാള്‍ മോഷണം നടത്തിയത്. രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചപ്പോള്‍ രണ്ടാമനെ കത്തി കൊണ്ട് കുത്തി മരണം ഉറപ്പിക്കുകയായിരുന്നു.
വിചാരണയ്ക്കൊടുവില് 2005ല്‍ ഡൊണാള്‍ഡിനെ വധശിക്ഷയ്ക്ക് കോടതി വിധിക്കുകയും ചെയ്തു. വിധി മറികടക്കാന്‍ പല തവണ പ്രതി അപ്പീല്‍ നല്‍കിയാണ് കേസ് നീട്ടിക്കൊണ്ട് പോയത്. ബുധനാഴ്ച ഡൊണാള്‍ഡിന്റെ അപ്പീല്‍ യുഎസ് സുപ്രീം കോടതിയും തള്ളിയിരുന്നു.
വര്‍ഷം തോറും അമേരിക്കയില്‍ നടപ്പിലാക്കിവരുന്ന വധശിക്ഷയുടെ എണ്ണം കഴിഞ്ഞ കുറച്ച് കാലമായി കുറഞ്ഞ് വരികയാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ വധശിക്ഷ നിരോധിച്ചിട്ടുമുണ്ട്.