പാചകക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം’; വിവാദ ക്വട്ടേഷൻ നോട്ടീസുമായി ഗുരുവായൂർ ദേവസ്വം, സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഉത്സവക്കാലത്ത് പാചകത്തിനായി ബ്രാഹ്മണർ തന്നെ വേണമെന്ന് സൂചിപ്പിക്കുന്ന ക്വട്ടേഷൻ നോട്ടീസ് വിവാദത്തിൽ. ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഈ വർഷത്തെ ഉത്സവത്തിലുളള ദേഹണ്ണക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്നാണ് നോട്ടീസിലുളളത്.ദേവസ്വം പുറത്തിറക്കിയ നോട്ടീസിലെ നിബന്ധനകളിൽ ഏഴാമതായാണ് വിചിത്രമായ ഇത്തരമൊരു നിബന്ധന.ഫെബ്രുവരി രണ്ടിന് ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് ക്വട്ടേഷൻ നൽകാൻ അവസരമെന്നും ജനുവരി 17ന് ഗുരുവായൂർ ദേവസ്വം പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. നോട്ടീസിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അതിശക്തമായ വിമർശനമാണ് ഉണ്ടാകുന്നത്.15ന് പുലർച്ചെ ഏഴ് മുതൽ പകർച്ച വിതരണവും ഒൻപത് മുതൽ പ്രസാദ ഊട്ട് വിതരണവുമുണ്ട്. ഇതിവ് ദേഹണ്ഡ പ്രവർത്തികൾ, പച്ചക്കറി സാധനങ്ങൾ മുറിച്ച് കഷ്ണങ്ങളാക്കൽ, കലവറയിൽ നിന്നും സാധനസാമഗ്രികൾ അഗ്രശാലയിലെത്തിക്കൽ,പാകം ചെയ്തത് വിതരണത്തിനും ബാക്കിവന്നവ അഗ്രശാലയിലും എത്തിക്കുക എന്നിവയ്ക്കായാണ് ക്വട്ടേഷൻ ക്ഷണിച്ചത്. ജോലിക്കാരുടെ പട്ടികയ്ക്കൊപ്പം അവരുടെ ആധാർ കാർഡ് ഹാജരാക്കണമെന്നും ക്വട്ടേഷൻ ലഭിച്ചവർ പ്രവൃത്തി ഉറപ്പിനായി ഒരുലക്ഷം രൂപ സുരക്ഷാ നിക്ഷേപം നൽകണമെന്നും നോട്ടീസിലുണ്ട്.