തടിയന്റവിട നസീറിനെ വെറുതെവിട്ട ഇരട്ട സ്ഫോടന കേസ്; വിധിക്കു കാരണം തെളിവുകള്‍ കണ്ടെത്തുന്നതിലെ വീഴ്ച, സംസ്ഥാനത്ത് എന്‍.ഐ.എ.കോടതി ശിക്ഷ വിധിച്ച ആദ്യ കേസ്
കോഴിക്കോട്: സംസ്ഥാനത്ത് തന്നെ ആദ്യമായി എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ച കേസ് കൂടിയായിരുന്നു കോഴിക്കോട്ടെ ഇരട്ട സ്ഫോടന കേസ്. കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതേവിട്ടു. മാപ്പുസാക്ഷിയുടെ മൊഴികള്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതിവിധി. കൊച്ചിയിലെ എന്‍.ഐ.എ. കോടതി വെറുതേവിട്ട രണ്ടു പ്രതികള്‍ക്കെതിരേ എന്‍.ഐ.എ. നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.
2006 മാര്‍ച്ച് മൂന്നിനായിരുന്നു കോഴിക്കോട്ട് സ്ഫോടനമുണ്ടായത്. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലും, 15 മിനിറ്റുകള്‍ക്ക് ശേഷം കോഴിക്കാട് മൊഫ്യൂസില്‍ ബസ് സ്റ്റാന്ഡിലൂമായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
രണ്ടിടത്ത് ബോംബ് സ്ഥാപിച്ച ശേഷം കളക്രേ്ടറ്റിലേക്കും ഒരു മാധ്യമസ്ഥാപനത്തിലേക്കും വിളിച്ചറിയിക്കുകയും സ്ഫോടനം നടത്തിയെന്നുമാണ് കേസ്. കേസില്‍ ഒമ്പതു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു പ്രതികളെ എന്‍.ഐ.എക്ക് പിടി കൂടാനായിട്ടില്ല. ഒരു പ്രതി കശ്മീരില്‍ വെച്ച് മരിച്ചിരുന്നു. ഏഴാം പ്രതി കേസില്‍ മാപ്പു സാക്ഷിയാകുകയും അഞ്ചാം പ്രതിയായ ജലീലിനെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ ശേഷമാണ് മറ്റു രണ്ടു പ്രതികളെ വിട്ടയച്ചത്. 2011 ലാണ് പ്രതികള്‍ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
സംശയാതീതമായി പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി. സ്ഫോടനം നടത്തുകയെന്ന ഉദ്ദേശത്തോടെ 2002 ല്‍ എറണാകുളത്ത് നിന്നും ജലാറ്റിന്‍ സ്റ്റിക്ക് സംഘടിപ്പിക്കുകയും പിന്നീട് ആസൂത്രണം ചെയ്ത് സ്ഫോടനം നടത്തിയെന്നുമായിരുന്നു എന്‍.ഐ.എ വാദം. എന്നാല്‍ രണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ സംഭവങ്ങള്‍ നടക്കുന്നത് 2005 ലാണ്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് 2002 ല്‍ ജലാറ്റിന്‍സ്റ്റിക്ക് സംഘടിപ്പിച്ച് ഗൂഡാലോചന നടത്തിയെന്ന വാദം ശരിയാകും എന്നായിരുന്നു പ്രതികള്‍ ഹൈക്കോടതിയില്‍ ചോദിച്ചത്. പ്രതികളുടെ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ വെറും മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം എങ്ങനെയാണ് പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിയുകയെന്നും വിചാരണ വേളയില്‍ ഹൈക്കോടതി ചോദിച്ചിരുന്നു.
ഈ കേസില്‍ തടിയന്റവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇരുവരും സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. മാറാട് കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജുഡീഷ്യറിയോടും മറ്റു സംവിധാനങ്ങളോടുമുള്ള പ്രതിഷേധമെന്ന നിലയിലാണ് പ്രതികള്‍ സ്ഫോടനത്തിന് ആസൂത്രണം നല്‍കിയത് എന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
എന്‍.ഐ.എ കോടതി വിധിച്ച ഇരട്ടജീവപര്യന്തമാണ് ഹൈക്കോടതി റദ്ദാക്കിയത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലം പ്രതി ഷഫാസ് എന്നിവര്‍ കോടതിയെ സമീപിച്ചത്. കേസില്‍ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചു. അതേസമയം കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എന്‍.ഐ.എ അപ്പീല്‍ നല്‍കിയത്.