സൂപ്പർമാർക്കറ്റുകളിൽ വൈൻ വിപണനത്തിന് അനുമതി നൽകി മഹാരാഷ്ട്ര സർക്കാർ, 10 വർഷത്തെ ജിഎസ്ടിയും ഒഴിവാക്കി
മുംബൈ : സംസ്ഥാനത്തെ സൂപ്പർമാർക്കറ്റുകളിൽ വൈൻ ലഭ്യമാക്കാൻ നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. പുതിയ മദ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമാണിത്.ചെറുകിട വൈൻ ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് ന്യൂനപക്ഷ വികസന വകുപ്പ് മന്ത്രി നവാബ് മാലിക് പറഞ്ഞു. വൈനുകളുടെ വിപണനം വർദ്ധിക്കുന്നതിലൂടെ കർഷകരുടെ ലാഭവും കൂടും. ഇതിനായി 10 വർഷത്തെ ജിഎസ്ടിയും ഒഴിവാക്കിയിട്ടുണ്ട്. 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള സൂപ്പർമാർക്കറ്റുകളിൽ വൈൻ വിപണനം അനുവദിക്കും. സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും നവാബ് മാലിക് പറഞ്ഞു.നിലവിൽ, പഴങ്ങൾ, പൂക്കൾ, തേൻ എന്നിവയിൽ നിന്നാണ് സംസ്ഥാനത്ത് വൈൻ ഉത്പാദിപ്പിക്കുന്നത്. പുതിയ മദ്യ നയത്തിലൂടെ വൈനറികൾക്ക് ഇനി തങ്ങളുടെ വൈനുകൾ സൂപ്പർമാർക്കറ്റുകളിൽ നേരിട്ട് വിപണനം ചെയ്യാം. തീരുമാനം സംസ്ഥാനത്തെ ചെറുകിട വൈനറികൾക്കും കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.