ദിലീപിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കണം; ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ഉടൻ അപേക്ഷ നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപേക്ഷ നൽകും. ഉച്ചയ്ക്ക് 1.45 ന് കേസ് പരിഗണിക്കണമെന്നാണ് ആവശ്യം.കഴിഞ്ഞ ദിവസം പരിഗണിക്കാനെടുത്ത കേസ് പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് അടുത്ത ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയത്. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വളരെ നാടകീയമായിട്ടാണ് ഇപ്പോൾ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ദിലീപിനെതിരെ പുതിയ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്.ദിലീപിന് പുറമേ സഹോദരൻ അനൂപ് (പി. ശിവകുമാർ), സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷിയായ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ശബ്ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.