കോഴിക്കോട് നിന്നും കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; പിടിയിലായത് കർണാടകയിൽ നിന്ന്
കോഴിക്കോട്: വെളളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. കർണാടകയിലെ മാണ്ഡ്യയിൽ നിന്നും ബസിൽ യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് പെൺകുട്ടി പിടിയിലായത്.നേരത്തെ ബാംഗ്ളൂരിൽ ഉച്ചയ്ക്ക് 2.30ഓടെ കുട്ടികളുമായി ഒരു ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ റൂം ബുക്ക് ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ കുട്ടികളുടെ രേഖകൾ ചോദിച്ചിരുന്നു. രേഖകളൊന്നും ഇല്ലാത്തതും മൊബൈൽ കളവുപോയെന്ന് അറിയിച്ചതോടെ ഇവരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഒരാൾ പിടിയിലായത്. മറ്റുളളവർ രക്ഷപ്പെട്ടു.ചിൽഡ്രൻസ് ഹോമിലെ റിപബ്ളിക് ദിന ആഘോഷത്തിനിടെ കെട്ടിടത്തിന് മുകളിൽ കോണി വച്ച് അതുവഴിയാണ് ആറ് പെൺകുട്ടികൾ രക്ഷപ്പെട്ടത്. 15നും 18നുമിടയിൽ പ്രായമുളളവരും വിവിധ കേസുകളിൽ പങ്കുളളവരുമാണ് ഇവർ. ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ഇവർക്ക് രണ്ട് യുവാക്കളുടെ സഹായവുമുണ്ടായിരുന്നു. പെൺകുട്ടികളെ തേടി പൊലീസിന്റെ രണ്ട് സംഘങ്ങൾ ബാംഗ്ളൂരേക്ക് പുറപ്പെട്ടിരുന്നു.പണം കൈയിലില്ലാത്തതിനാൽ വഴിയിൽ കണ്ടവരോട് കടംവാങ്ങിയാണ് കുട്ടികൾ യാത്ര ചെയ്യുന്നത്. കണ്ടെത്താനുളള നാലുപേരും ഗോവയിലേക്ക് തിരിച്ചതായാണ് മാണ്ഡ്യയിൽ നിന്നും കണ്ടെത്തിയ കുട്ടി പറയുന്നത്. എന്നാൽ അധികദൂരം പോയിരിക്കാൻ ഇടയില്ലെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. സംഭവത്തെതുടർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ബാലികാ മന്ദിരം സന്ദർശിച്ചു. സംഭവത്തിൽ കമ്മീഷനും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.