ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ പെരുന്നാള്‍ പ്രസംഗവുമായി ബന്ധപ്പെട്ട് വൈദികനെതിരെ പൊലീസ് കേസ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാകുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നതിനാണ് ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറേക്കടവിലിനെതിരെ കേസ് എടുത്തിരിക്കുന്നത്. പെരുന്നാള്‍ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നതിന് പിന്നാലെ ഉളിക്കല്‍ പൊലീസാണ് കേസ് എടുത്തതത്.
ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയില്‍ ജനുവരി 23നായിരുന്നു വിവാദമായ പ്രസംഗം നടന്നത്. ഹലാല്‍ ഭക്ഷണം, ലൌ ജിഹാദ് വിഷയങ്ങള്‍ സംബന്ധിയായ പരാമര്‍ശങ്ങളാണ് കേസിന് ആസ്പദമായിരിക്കുന്നത്. ഹലാല്‍ അനുസരിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത് തിന്മയാണെന്നും വൈദികന് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഹലാല്‍ ഭക്ഷണം കഴിക്കുന്നത് പാപമാകുന്നത് എങ്ങനെയാണെന്നും വൈദികന് വിശദീകരിക്കുന്നുണ്ട്.
https://www.youtube.com/watch?v=jEVQV6PQ-lk
ഹിറായിലെ ദര്‍ശനത്തിന് ശേഷമാണ് പ്രവാചകന് ബുദ്ധിമറഞ്ഞുപോവുന്നതെന്നും വൈദികന് പറയുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ആര്‍ക്കും വളച്ചെടുക്കാവുന്ന വസ്തുക്കളായി എറിഞ്ഞുകൊടുക്കുന്ന അവസ്ഥയാണുള്ളതെന്നും വൈദികന് പ്രസംഗ മധ്യേ പറയുന്നു. മറ്റുള്ളവരുടെ ഉച്ഛിഷ്ടമോ വിസര്‍ജ്യമോ കഴിക്കേണ്ടവരല്ല നമ്മളെന്നും വൈദികന് പറയുന്നുണ്ട്. എറണാകുളത്ത് ജ്യൂസ് കട ചെയിനിലൂടെ പെണ്‍കുട്ടികളെ ചതിക്കുന്നതായും പ്രസംഗ മധ്യേ വൈദികന് പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് വൈദികന് നേരെ ഉയര്‍ന്നത് ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. എന്നാല്‍ ഫാദര്‍ ആന്റണിയുടെ പ്രസ്താവനയുമായി രൂപതക്ക് യാതൊരു ബന്ധവുമില്ലെന്നും അത് തങ്ങളുടെ അഭിപ്രായമല്ലെന്നും തലശേരി രൂപത നേരത്തെ വിശദീകരിച്ചിരുന്നു.