കോവാക്സിനും കോവിഷീൽഡിനും വാണിജ്യാനുമതി; മെഡിക്കൽ ഷോപ്പുകളിൽ വാക്സിൻ ലഭിക്കില്ല
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനുകളായ കോവാക്സിനും കോവിഷീൽഡിനും വാണിജ്യാനുമതി. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ആണ് ഉപാധികളോടെ അനുമതി നൽകിയത്. ഇതോടെ രണ്ട് വാക്സിനുകളും പൊതുവിപണിയിൽ ലഭ്യമാകും.
മെഡിക്കൽ ഷോപ്പുകളിൽ വാക്സിൻ ലഭ്യമാകില്ല. എന്നാൽ, ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സിനുകൾ നേരിട്ട് വാങ്ങാം. വാക്സിനുകളുടെ കണക്ക് ആശുപത്രികളും ക്ലിനിക്കുകളും ഡി.ജി.സി.ഐക്ക് കൈമാറണം. എല്ലാ ആഴ്ചയിലും ഈ കണക്കുകൾ കൈമാറണം.
വാക്സിനുകൾ വാങ്ങുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കോവിൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഇതിനുള്ള സൗകര്യം കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, വാക്സിനുകൾ വാങ്ങുന്നതിനുള്ള മാർഗനിർദേശങ്ങളും വാക്സിനുകളുടെ പൊതുവിപണി വില സംബന്ധിച്ചും കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു നിലവിൽ അനുമതി നൽകിയിരുന്നത്.