മലപ്പുറം: പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി അംഗികാരം നല്‍കുകയും ചെയ്ത വിവാദമായ പൗരത്വനിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേതൃത്വം നല്കുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം.
പൗരത്വനിയമത്തിനെതിരെ കേരളത്തില്‍ വിവിധ മതേതര സംഘടനകളും സാമൂഹിക, സാംസ്കാരിക സംഘടനകളും എഴുത്തുകാരും ബുദ്ധിജീവികളും രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്നും അത്തരക്കാരെ യോഗം പ്രശംസിച്ചുവെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച് മുസലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ സമാധാനപരമായി വിവിധ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന എല്ലാവിധ മുന്നേറ്റങ്ങള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രക്ഷോഭത്തില്‍ പൊതുസമൂഹത്തില്‍ നിന്നുള്ളവരെ കൂടുതലായി ഉള്‍പ്പെടുത്തും.
മതേതര വിശ്വാസികളെയും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും പങ്കെടുപ്പിച്ച് പ്രക്ഷോഭപരിപാടികള്‍ വിശാലമാക്കും. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ജനുവരി രണ്ടിന് സമരപ്രഖ്യാപന സമ്മേളനം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കണ്‍വീനറായ ഉപസമിതിയാണ് തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുക. കൊച്ചിയിലെ സമ്മേളനത്തിന് പിന്നാലെ അടുത്ത് തന്നെ ഡല്‍ഹിയിലും സമരപ്രഖ്യാപന വിളംബരം നടത്തും. അതിന്റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു