കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി. വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇന്നലെ വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. കാണാതായവരിൽ സഹോദരിമാർ ഉൾപ്പെടെ ആറ് പേരും കോഴിക്കോട് ജില്ലക്കാരാണ്. ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചെയർമാൻ കെ വി മനോജ്കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണം ഊർജിതമാക്കാനും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.