കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ പരസ്യമായി ആക്രമിച്ചു; മുടിമുറിച്ച് കരിഓയില്‍ ഒഴിച്ചത് സ്ത്രീകള്‍
ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പരസ്യമായി ആക്രമിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് ബലാത്സംഗത്തിനിരയായ 20 വയസ്സുകാരി സ്ത്രീകളുടെയും ആക്രമണത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബലാത്സംഗത്തിനിരയായ യുവതിയെ വീട്ടില്‍നിന്ന് കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു.
കൂട്ടത്തോടെയെത്തിയ സ്ത്രീകള്‍ യുവതിയെ മര്‍ദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. പ്രദേശത്തെ അനധികൃത മദ്യ വില്പനക്കാര് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് വനിതാ കമ്മീഷന് അധ്യക്ഷ ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യണമെന്നും യുവതിയ്ക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ ആവശ്യപ്പെട്ടു.
യുവതിയെ മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഷാഹ്ദറ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്. സത്യസുന്ദരം പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് ദൗര്‍ഭാഗ്യകരമായ ലൈംഗികാതിക്രമത്തിന് കാരണമായതെന്നും യുവതിക്ക് കൗണ്‍സിലിങ് അടക്കം എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മര്‍ദിച്ചതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ ബന്ധുക്കള്‍ യുവതിയെ ആക്രമിച്ചത്.
ആണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ മര്‍ദനത്തിനിരയായ യുവതി കഴിഞ്ഞ നവംബറില്‍ പ്രദേശത്തുനിന്ന് താമസം മാറിയിരുന്നതായി ഇവരുടെ സഹോദരി പറഞ്ഞു. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് ജീവനൊടുക്കിയ കുട്ടിയുടെ ബന്ധു ഇവരെ കണ്ടെത്തിയതെന്നും സഹോദരി പ്രതികരിച്ചു.