നഗരമധ്യത്തില്‍ ചരക്ക് ട്രെയിന്‍ കൊള്ളയടിച്ചു; തട്ടിയെടുത്തവയില്‍ തോക്കുകളും, ആശങ്കയെന്ന് പോലീസ്
ലോസ് ആഞ്ചലിസ്: ലോസ് ആഞ്ചലിസ് നഗരത്തില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ ചരക്ക് ട്രെയിനുകളില്‍ നിന്ന് ഡസന്‍ കണക്കിന് തോക്കുകള്‍ മോഷണം പോയതായി പോലീസ്.
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗര മധ്യത്തില്‍ കൊള്ളയടിക്കപ്പെട്ട ട്രെയിന്‍ വാഗണുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇ.കൊമേഴ്സ് സ്ഥാപനമായ ആമോസോണിന്റേതുള്പ്പെടെയുള്ള ചരക്കുകളില്‍ നിന്ന് ആയുധങ്ങളും മോഷണം പോയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പോലീസ് വ്യക്തമാക്കുന്നത്.
‘അവര്‍ ചരക്ക് ബോഗികള്‍ തകര്‍ത്താണ് സാധനങ്ങള്‍ കൊള്ളയടിച്ചത്. ഡസനോളം തോക്കുകളും മോഷ്ടിച്ചിട്ടുണ്ട്. നഗരത്തില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി പോലീസ് ഓഫീസറായ മൈക്കിള്‍ മൂര്‍ പറഞ്ഞു. ആശങ്കയുയര്‍ത്തുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍, ഫെഡെക്സ്, യുപിഎസ് തുടങ്ങിയ റീട്ടെയില്‍ ഏജന്‍സികളുടെ ചരക്കുകള്‍ മോഷണം പോയതായാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ചരക്കുകളില്‍ തോക്കുകളും ഉള്‍പ്പെടുന്നതായി പോലീസ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
ട്രാക്കില്‍ ചരക്ക് തീവണ്ടി നിര്ത്തിയിടുന്നതുവരെ കാത്തിരുന്നതിന് ശേഷമാണ് കൊള്ളക്കാര്‍ ആക്രമണം നടത്തിയത്. ലോസ് ആഞ്ചലിസില്‍ മാത്രം കൊള്ളക്കാരുടെ ആക്രമണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 ല്‍ അവസാന നാല് മാസത്തില്‍ മാത്രം ശരാശരി 90 ചരക്കുവാഹനങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.