തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മുഖത്തടിച്ചു, തന്നെ കയറിപ്പിടിച്ചെന്നും പരാതിക്കാരി;
കൊച്ചി: സഹപ്രവർത്തകയെ മർദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും യുവാവിനെതിരെ കേസെടുത്തു. ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അജിത് നാരായണനെനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.
പ്രതി യുവതിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ലൈംഗിക അതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് പരാതിക്കാരിയുടെ ആരോപണം.കലൂരിലെ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിയെ അജിത്ത് നാരായണൻ മുഖത്തടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. പരാതിയിൽ യുവതിയെ മർദ്ദിച്ചതിനും ദേഹോപദ്രവമേൽപ്പിച്ചതിനും അജിത്തിനെതിരെ കേസെടുത്തു.തന്നെ കയറിപ്പിടിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് നിസാരവകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താൻ നോക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. അജിത്ത് ഒളിവിലാണ്. ഇയാളെ ആയൂർവേദ തിരുമ്മൽ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.