പകർപ്പവകാശ ലംഘനം നടത്തിയെന്ന ചലച്ചിത്ര നിർമാതാവിന്റെ പരാതി; ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈയ്ക്കെതിരെ കേസെടുത്തു
ന്യൂഡൽഹി: സിനിമയുടെ പകർപ്പവകാശ ലംഘനം നടത്തിയെന്ന പരാതിയിൽ ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ അടക്കം അറ് പേർക്കെതിരെ കേസെടുത്തു. യൂട്യൂബിൽ ബോളിവുഡ് സിനിമയുടെ പകർപ്പവകാശ ലംഘനം നടത്തിയെന്ന പരാതിയിലാണ് മുംബയ് പൊലീസ് കേസെടുത്തത്. ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് സുനീൽ ദർശൻ ആണ് പരാതി നൽകിയത്.2017ൽ പുറത്തിറങ്ങിയ ‘ഏക് ഹസീന തി ഏക് ദീവാന താ’ എന്ന ചിത്രത്തിന്റെ അവകാശം ആർക്കും നൽകിയിട്ടില്ല. എന്നാൽ ഇത് ദശലക്ഷക്കണക്കിനാളുകൾ യൂട്യൂബിൽ കാണുന്നു. നിയമവിരുദ്ധമായി തന്റെ സിനിമ അപ്ലോഡ് ചെയ്തതിലൂടെ വലിയ തുക സമ്പാദിക്കുന്നുണ്ടെന്നാണ് നിർമാതാവിന്റെ പരാതി.സുന്ദർ പിച്ചൈ ഗൂഗിളിനെ പ്രതിനിധീകരിക്കുന്നതിനാൽ അദ്ദേഹം ഈ നിയമ ലംഘനത്തിന് ഉത്തരവാദിയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഗൂഗിളിന് മെയിൽ അയച്ചിരുന്നെങ്കിലും അവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീൽ ദർശൻ ആരോപിക്കുന്നു.
സുന്ദർ പിച്ചൈ, ഗൗതം ആനന്ദ് (യൂട്യൂബ് തലവൻ), വിവിധ കമ്പനി തലവന്മാർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. ‘ഏക് ഹസീന തി ഏക് ദീവാന താ’ എന്ന ചിത്രം സുനീൽ ദർശൻ തന്നെയാണ് എഴുതി നിർമ്മിച്ച് സംവിധാനം ചെയ്തത്. ശിവദർശൻ, നടാഷ ഫെർണാണ്ടസ്, യുപിഎൻ പട്ടേൽ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.