ഐശ്വര്യയെയും ധനുഷിനെയും ഒന്നിപ്പിക്കാനുള്ള കഠിനശ്രമത്തിൽ രജനീകാന്ത്; ഇത് കുടുംബവഴക്ക് മാത്രമെന്ന് കസ്തൂരി രാജ
ചെന്നൈ: ജനുവരി 17നാണ് രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയും നടൻ ധനുഷും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. വേർപിരിയൽ പ്രഖ്യാപനം ആരാധകർക്ക് പുറമേ ഇരു കുടുംബങ്ങളെയും ഞെട്ടിച്ചിരുന്നു. എന്നാലിപ്പോൾ രജനീകാന്ത് ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന.വിവാഹബന്ധം വേർപെടുത്താനുള്ള മകളുടെ തീരുമാനം രജനീകാന്തിനെ ഏറെ വേദനിപ്പിച്ചുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് രജനീകാന്ത് മകളോട് നിരന്തരം ആവശ്യപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ. വേർപിരിയൽ താത്കാലികം മാത്രമാണ് എന്നാണ് രജനീകാന്ത് കണക്കാക്കുന്നതെന്നും മകളും മരുമകനുമായി ഇക്കാര്യത്തെ സംബന്ധിച്ച് തുടർച്ചയായി സംസാരിക്കുകയാണെന്നുമാണ് അടുത്ത വൃത്തം വെളിപ്പെടുത്തിയത്.അതേസമയം, ഇരുവരും ഇതുവരെ ഡിവോഴ്സ് ഫയൽ ചെയ്തിട്ടില്ലെന്നും ഭാര്യാഭർത്താക്കൻമാർക്കിടയിലെ വഴക്ക് മാത്രമാണിതെന്നുമാണ് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ വെളിപ്പെടുത്തിയത്. പ്രശ്നപരിഹാരത്തിനായി ഇരുവരോടും സംസാരിക്കുകയാണെന്നും കസ്തൂരി രാജ പറഞ്ഞു.പതിനെട്ട് വർഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇരുവർക്കും യാത്ര, ലിംഗ എന്ന പേരിൽ രണ്ട് ആൺമക്കളുമുണ്ട്. വേർപിരിയൽ പ്രഖ്യാപനത്തിന് ശേഷം ഇരുവരും തങ്ങളുടെ തിരക്കുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഹൈദരാബാദിലാണ് ഇരുവരുമിപ്പോൾ. ഒരു പൊതു പ്രഖ്യാപനത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.