കാന്‍സര്‍ തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
” ജീവിതശൈലിയിലും, ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കാന്‍സര്‍ രോഗങ്ങളില്‍ 40 ശതമാനവും തടയാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന നല്കുന്ന സന്ദേശം ”
Cancer diet during cancer treatment
തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവും കാന്സറുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കാന്‍സര്‍ രോഗങ്ങളില്‍ 40 ശതമാനവും തടയാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന നല്കുന്ന സന്ദേശം.
കാന്‍സര്‍ സാധ്യതയുള്ള ഭക്ഷണരീതി
1. എണ്ണ, കൊഴുപ്പ്, അന്നജം എന്നിവയുടെ അമിത ഉപയോഗം.
2. പൂപ്പല്‍ ബാധിച്ചതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍.
3. ടിന്നിലടച്ചതും, സംസ്കരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍.
4. ഭക്ഷണം കേടാകാതിരിക്കാന്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഭഷ്യവസ്തുക്കള്‍.
5. കൃത്രിമമായ നിറവും, മണവും, രുചിയും കലര്‍ന്ന ആഹാരവും പാനീയവും.
6. ഉണക്കമീന്‍, ഉപ്പിലിട്ടത്, കേടാകാതെയിരിക്കാന്‍ അധികം ഉപ്പ് ചേര്‍ത്തുണക്കിയ ഭക്ഷ്യ വസ്തുക്കളുടെ അമിതമായ ഉപയോഗം.
7. ഫാസ്റ്റ്ഫുഡ്, ജംഗ്ഫുഡ്, ബേക്കറി സാധനങ്ങള്‍, കാലറി അധികമായ ഭക്ഷണം, കൊഴുപ്പ് അമിതമായ ഭക്ഷണം മുതലായവയുടെ അമിത ഉപയോഗം.
8. കീടനാശിനി കലര്‍ന്ന പച്ചക്കറികളും, പഴങ്ങളും, ധാന്യങ്ങളും.
9. മായം കലര്‍ന്ന ധാന്യങ്ങളും, പഴവര്‍ഗങ്ങളും, പാനീയങ്ങളും, എണ്ണയും.
10. കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങളുടെ അമിത ഉപയോഗം. ചുവന്ന മാംസ്യാഹാര (ബീഫ്, മട്ടന്‍, പന്നിയിറച്ചി) ത്തിന്റെ അമിതോപയോഗം.
11. എണ്ണയില്‍ വറുത്തു പൊരിച്ചതും പുകച്ചതും കരിച്ചതുമായ ഭക്ഷണം.
12. വറുക്കാനുപയോഗിച്ച എണ്ണ മാറ്റാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്.
13. പാചക എണ്ണ പുകയുന്നതരത്തില് കൂടുതല്‍ ചൂടാക്കുന്നത്.
14. ആഹാരത്തില്‍ വിറ്റാമിനുകളുടേയും ധാതുക്കളുടേയും കുറവ്.
കാന്‍സര്‍ തടയും ഭക്ഷണം
1. തക്കാളി, കാരറ്റ്, ചെറുനാരങ്ങ,ഓറഞ്ച് തുടങ്ങിയവയിലെ ഫിനോളിക്ക് ആസിഡ് കുടലിലെ കാന്‍സര്‍ തടയുന്നു.
2. കാരറ്റ്, മധുരകിഴങ്ങ്, ഇലക്കറികള്‍ തുടങ്ങിയവയില്‍ കാണുന്ന ബീറ്റാ കരോട്ടിന്‍ അന്നനാളം, ശ്വാസകോശം, ആമാശയം, സ്തനം, കുടല്, മലാശയം എന്നിവടങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു.
3. മുളകിലടങ്ങിയ കാപ്സസിന്‍ ആമാശയാര്‍ബുദം തടയുന്നു.
Cancer diet during cancer treatment
4. വായിലും, കുടലിലും, ചര്‍മ്മത്തിലും വരുന്ന അര്‍ബുദം തടയാന്‍ ചെറുനാരങ്ങ സഹായിക്കുന്നു.
5. വിറ്റാമിന്‍ എ അടങ്ങിയ മാങ്ങ, കാരറ്റ്, തക്കാളി, പപ്പായ, ബീറ്റ്റൂട്ട്, മത്തങ്ങ, ഇലക്കറികള്‍ എന്നിവ വയര്‍, ശ്വാസകോശം, ഉമിനീര്‍ഗ്രന്ഥികള്‍ എന്നിവയിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു.
6. കൊഴുപ്പ് നീക്കം ചെയ്ത പാല് വായ, ആമാശയം, മലാശയം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു.
7. വിറ്റാമിന്‍ ഇ അടങ്ങിയ പാല്, മുട്ട, അണ്ടിപ്പരിപ്പ്, സോയാബീന്‍ എന്നിവ ശ്വാസകോശാര്‍ബുദം തടയുന്നു.
8. ഓട്സ്, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, ധാന്യതവിടുകള്, തവിടുകളയാത്ത അരി എന്നിവ കുടല്, സ്തനം തുടങ്ങിയവയിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു. തൊലികളയാത്ത ധാന്യങ്ങളിലെ ഫൈറ്റോ ന്യൂട്രിയന്റുകളും, ലിഗ്നിനും അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുന്നു.
9. ബികോംപ്ളസ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുന്നു.
10. ഉള്ളി, വെളുത്തുള്ളി എന്നിവയിലുള്ള സള്‍ഫര്‍ കാന്‍സറിനു കാരണമാകുന്ന എന്‍സൈമുകളെ തടയുന്നു.
11. പഴങ്ങളിലടങ്ങിയ വിറ്റാമിന്‍ സി, ഫോളിക്ക് ആസിഡ്, സിട്രിക്ക് ആസിഡ്, ഫൈറ്റോന്യൂടിയന്റുകള് എന്നിവ കാന്‍സര്‍ വരുന്നത് തടയുന്നു.
12. ഇലക്കറികള്‍, ഗ്രീന്‍ ടീ, കട്ടന്‍ ചായ, ഉണക്കമുന്തിരി എന്നിവയിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ച് അര്‍ബുദം തടയുന്നു.
13. മഞ്ഞളിലടങ്ങിയ കുര്ക്കുമിന് രക്താര്‍ബുദം, സ്തനാര്‍ബുദം, പുരുഷന് മാരിലെപ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അര്‍ബുദം എന്നിവ തടയുന്നു.
14. സോയാബീന്‍ സ്തനം, കുടല്, പ്രോസ്റ്റേറ്റ് എന്നിവയിലുണ്ടാകുന്ന അര്‍ബുദം തടയുന്നു.സംസ്കരിക്കാത്ത സോയാബീന്‍ പയറാണ് കഴിക്കാന്‍ നല്ലത്.
15. തക്കാളി, തണ്ണിമത്തന് എന്നിവയിലടങ്ങിയ ലൈക്കോപീന്‍ എന്ന ഘടകം പ്രോസ്സ്റ്റേറ്റ് കാന്‍സര്‍ തടയും.
16. പാടനീക്കിയ കൊഴുപ്പ് കുറഞ്ഞ പാല്, പാലുല്പന്നങ്ങള്, സോയാബീന്‍, ചായ, ഓറഞ്ച് എന്നിവ സ്തനാര്‍ബുദം തടയുന്നു.
17. ചായയിലെ പോളിഫിനോളിക്ക് ആന്റിഓക്സിഡന്റുകള്‍, മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ കാന്‍സര്‍ വരുന്നത് തടയുന്നു. മഞ്ഞള്‍, ഉലുവ, മല്ലി, വെളുത്തുള്ളി, കുരുമുളക് എന്നിവ കാന്‍സര്‍ പ്രതിരോധത്തിന് നല്ലതാണ്.
18. കാബേജ്, കോളീഫ്ളവര്‍, ബ്രോക്കോളി, മുള്ളങ്കി, ബീന്‍സ്, സോയാബീന്‍ എന്നിവയിലെ ആന്റി ഓക്സിഡുകള്‍ കാന്‍സര്‍ തടയുന്നു.
19. വെളുത്തുള്ളി അരിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞ് രൂപപ്പെടുന്ന അല്ലിനേസ് എന്ന എന്‍സൈം കുടലിലേയും, ആമാശയത്തിലേയും കാന്‍സര്‍ തടയുന്നു. (വെളുത്തുള്ളി അരിഞ്ഞ് 10 മിനിറ്റിനു ശേഷം പാകം ചെയ്യുക)
ഡോ. (മേജര്‍) നളിനി
ജനാര്ദ്ധനന്
ഫാമിലി മെഡിസിന്
സ്പെഷലിസ്റ്റ്, പൂനെ