കാറ്റാടിമാർ മാത്രമല്ല കുര്യനും കലക്കി, ബ്രോ ഡാഡി റിവ്യു
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രം ലൂസിഫർ ഒരു മാസ് ചിത്രമായിരുന്നുവെങ്കിൽ അതേ കൂട്ടൂക്കെട്ടിൽ പിറന്ന ബ്രോ ഡാഡി പക്കാ ഫാമിലി എന്റെർടെയ്നറാണ്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന് അനായാസമായി ഇരുന്നു കാണാവുന്ന ഒരു കുടുംബചിത്രം.
ലൂസിഫറിൽ അതിഥി വേഷത്തിലാണ് സംവിധായകൻ എത്തുന്നതെങ്കിൽ ഇതിൽ ഉടനീളം പ്രധാനവേഷത്തിൽ പൃഥ്വിയുണ്ട്.അച്ഛനും മകനുമായെത്തുന്ന മോഹൻലാലും പൃഥ്വിയും ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തും. പഴയ മോഹൻലാലിനെ പ്രേക്ഷകന് മുന്നിൽ വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ഈ ചിത്രത്തിൽ ലക്ഷ്യം വച്ചിരിക്കുന്നതും.മോഹൻലാൽ എന്ന നടന്റെ കുസൃതികളും തമാശകളും നാണവുമെല്ലാം പ്രേക്ഷകരിലേക്ക് മടക്കി കൊണ്ടുവരാൻ പൃഥ്വി ശ്രമിച്ചിട്ടുണ്ട്. അതൊരു പരിധി വരെ വിജയിച്ചുവെന്നു പറയാം. ജോൺ കാറ്റാടിയും ഈശോ കാറ്റാടിയുമെന്ന അപ്പൻ – മകൻ കെമിസ്ട്രി പ്രേക്ഷകർക്കും രസിക്കും.ചിത്രത്തിന്റെ ആദ്യ പകുതി പക്കാ എന്റർടെയ്നറായിരുന്നുവെങ്കിലും രണ്ടാം പകുതി അങ്ങനെയല്ല. കഥയുടെ രീതി മാറുന്നതനുസരിച്ച് അല്പം കൂടി സീരിയസാകുന്നുണ്ട്. ഒപ്പം ചിലയിടങ്ങളിൽ വലിച്ചു നീട്ടലും തോന്നും. ചിത്രത്തിന്റെ പോക്ക് എങ്ങോട്ടേക്കാണെന്നത് പ്രേക്ഷകർക്ക് പ്രവചിക്കാൻ കഴിയുമെന്നതാണ് പ്രധാന പോരായ്മ.
പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ദീപക് ദേവ് ഒരുക്കിയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ശ്രദ്ധ പിടിച്ചു പറ്റും.താരങ്ങൾക്കെല്ലാം കൃത്യമായ സ്ക്രീൻ സ്പെയ്സ് നൽകിയെന്നതാണ് സംവിധായകൻ എന്ന നിലയിൽ പൃഥ്വിയുടെ മികവ്. മോഹൻലാലും പൃഥ്വിയും ചിത്രത്തിലുടനീളം നിറഞ്ഞു നിൽപ്പുണ്ട്. കുര്യനായി എത്തുന്ന ലാലു അലക്സ് അതിഗംഭീര പെർഫോമൻസാണ് കാഴ്ച വച്ചത്.ചിത്രം പൂർണമായും മോഹൻലാൽ -പൃഥ്വിരാജ് കോമ്പോയിലാണ് വന്നതെങ്കിലും കണ്ടു തീരുമ്പോൾ പ്രേക്ഷകന്റെ മനസിൽ നിറഞ്ഞു നിൽക്കുക ലാലു അലക്സ് തന്നെയാകും. വർഷങ്ങൾക്ക് ശേഷം ഫുൾ പവറോടു കൂടിയുള്ള ലാലു അലക്സ് നടത്തിയ തിരിച്ചു വരവാണ്. ഇമോഷണൽ സീനുകളും ഹാസ്യവുമെല്ലാം സ്വത സിദ്ധമായ ശൈലിയിലാണ് ലാലു അലക്സ് പകർന്നാടിയത്കല്യാണി പ്രിയദർശൻ പുതിയകാല നായികമാരിൽ ബോൾഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റിയ ആളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. നർമ്മവും ഇമോഷണൽ സീനുകളും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കല്യാണിക്ക് സാധിക്കുന്നുണ്ട്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തിയ മീനയും തന്റെ ഭാഗം മികച്ചതാക്കി. മോഹൻലാൽ-മീന കോമ്പിനേഷൻ പ്രേക്ഷകർക്കും ഇഷ്ടപ്പെടും.എൽസി എന്ന കഥാപാത്രത്തിലൂടെ കനിഹയും തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. കോമഡി ട്രാക്ക് വിട്ട് സീരിയസ് വേഷത്തിലുള്ള യാത്രയാണ് ഡോ. സാമുവൽ എന്ന കഥാപാത്രത്തിലൂടെ ജഗദീഷ് നടത്തുന്നത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് നടത്തുന്ന ഹാപ്പി എന്ന സൗബിന്റെ കഥാപാത്രം നർമ്മരംഗങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും പുതുമ അവകാശപ്പെടാനില്ല. പറഞ്ഞു പഴകിയ തമാശകൾ തന്നെയാണ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദൻ, ജാഫർ ഇടുക്കി, മല്ലികാ സുകുമാരൻ എന്നിവരും തങ്ങളുടെ ഭാഗം മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രം കണ്ടാൽ ചിത്രത്തിൽ ജോൺ കാറ്റാടി പറയുന്നതു പോലെ ഇയാൾ ഇവിടെയും വന്നോ എന്ന് പ്രേക്ഷകന് തോന്നാം. നിർമ്മാതാവയതു കൊണ്ട് മാത്രം ആന്റണി പെരുമ്പാവൂരിന് ഒരു പൊലീസ് വേഷം നൽകിയതുപോലുണ്ട്ചിത്രത്തിന്റെ എടുത്തു പറയാവുന്ന മികവ് മികച്ച ഫ്രെയിമുകളാണ്. അഭിനന്ദൻ രാമാനുജൻ എന്ന ഛായാഗ്രാഹകന്റെ മികച്ച ഷോട്ടുകൾ ചിത്രത്തെ മനോഹരമാക്കുന്നുണ്ട്. ഏറെ തെളിമയുള്ള, മനസ് നിറയ്ക്കുന്ന സീനുകളാണ് ഓരോന്നും. പ്രേക്ഷകർക്ക് ബോറടിപ്പിക്കാതെ ചിത്രത്തെ പിടിച്ചു നിറുത്തുന്നതിൽ കാമറയ്ക്ക് നല്ലൊരു പങ്കുണ്ട്.താരങ്ങളെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടും ചിത്രത്തിന് പറ്റിയ പ്രധാന പോരായ്മ തിരക്കഥ പാളിപ്പോയതാണ്. രണ്ടര മണിക്കൂർ പ്രേക്ഷകർക്ക് അമിത സമ്മർദ്ദം നൽകുന്നില്ല എന്നതൊഴിച്ചാൽ മികച്ച സിനിമ എന്നൊന്നും പറയാനാകില്ല. അമിതപ്രതീക്ഷകളെല്ലാം മാറ്റി വച്ച് കാണാനിരുന്നാൽ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തിയേക്കാം.കുടുംബ പ്രേക്ഷകർക്ക് വേണ്ടിയാണ് അണിയിച്ചൊരുക്കിയതെങ്കിലും പുതിയ തലമുറയ്ക്ക് വേണ്ട രസക്കൂട്ടുകളും ഉൾക്കൊള്ളിക്കാൻ സംവിധായകൻ മറന്നിട്ടില്ല. ചിത്രത്തെ കുറിച്ച് പൃഥ്വി പറഞ്ഞതു പോലെ ഇതൊരു കുഞ്ഞ് സിനിമയാണ്. ആ നിലയ്ക്ക് മാത്രം കണ്ടാൽ പ്രേക്ഷകർക്ക് കണ്ടാസ്വദിക്കാവുന്ന ചിത്രം. കുടുംബത്തോടൊപ്പമിരുന്ന് മറ്റെല്ലാം മറന്ന് കാണാവുന്ന ചെറിയൊരു സിനിമ.