ഹൈദരാബാദ്: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ 21 ദിവസത്തിനകം തീര്‍പ്പാക്കി വധശിക്ഷ ഉറപ്പക്കുന്ന ‘ദിശ ബില്‍’ പാസാക്കി ആന്ധ്രാപ്രദേശ് നിയമസഭ. അയല്‍ സംസ്ഥാനമായ തെലുങ്കാനയില്‍ അടുത്തിടെ വെറ്റനറി ഡോക്ടറെ കൂട്ട ബലത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആന്ധ്രാപ്രദേശ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ സ്മരണയ്ക്കായി ആന്ധ്രാപ്രദേശ് ദിശാ ആക്ട് ക്രിമിനല്‍ ലോ (എപി ഭേദഗതി) ആക്ട് 2019 എന്നാണ് പുതിയ നിയമത്തിന് പേര് നല്‍കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി എം സുചാരിതയാണ് ബില്‍ അവതരിപ്പിച്ചത്. വിപ്ലവകരമായ മാറ്റമെന്നാണ് ബില്‍ അവതരണത്തെ ഭരണകക്ഷിയായ വൈ.എസ്.ആര് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.