മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കണം: മേജർ വിമൽ രാജ് കൊക്കോടൻ
പിലിക്കോട് : യുവ തലമുറയെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനെതിരെയുള്ള സാംസ്ക്കാരിക സ്ഥാപനങ്ങളുടെ പോരാട്ടം ശക്തമാക്കണമെന്ന് മേജർ വിമൽ രാജ് കൊക്കോടൻ അഭിപ്രായപ്പെട്ടു.
പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി – നെഹ്റു പഠന കേന്ദ്രത്തിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളടക്കം യുവ തലമുറയുടെ സർഗ്ഗശേഷിയെയും ആരോഗ്യത്തെയും തകർക്കുന്ന മദ്യവും മയക്കുമരുന്നുകളും വ്യത്യസ്ത രൂപങ്ങളിൽ ഇന്ന് സുലഭമാണ്. ലഹരി മാഫിയകൾ ഇത്തരം പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി യുവജനങ്ങളെ കെണിയിൽ പെടുത്തുകയാണ്. ഈ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സാംസ്ക്കാരിക സ്ഥാപനങ്ങളും യുവജനപ്രസ്ഥാനങ്ങളും ലഹരി വിപത്തുകൾക്കെതിരെയുള്ള ബോധവൽക്കരണവും പോരാട്ടവും ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.ദേശീയ പതാക ഉയർത്തിയതിന് ശേഷം മഹാത്മജിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
പിഫാസോപ്രസിഡണ്ട് വിനോദ് എരവിൽ അദ്ധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ പി സുഭാഷ്, കെ എം വിജയൻ, രാഘവൻ കുളങ്ങര, പി കെ വിനയകുമാർ, ഏ.വി.ബാബു, കെ ടി ഗോവിന്ദൻ, സയ്ദ ഷാജഹാൻ, വി വി രാജൻ, കെ എം അജിത് കുമാർ , കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പിഫാസോ ജനറൽ സെക്രട്ടറി സി ഭാസ്ക്കരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എ രമേശൻ നന്ദിയും പറഞ്ഞു.