നമ്പര്‍പ്ലേറ്റ് ഇല്ലാതെ സൂപ്പര്‍ ബൈക്കില്‍ പാഞ്ഞു;ക്യാമറയിലും പെട്ടില്ല ,പോലീസ് ചെക്കിങ്ങിനും നിര്‍ത്തിയില്ല; ഒടുവില്‍ യുവാവ് കുടുങ്ങിയത് ഇന്‍സ്റ്റഗ്രാം വഴി
കൊച്ചി: നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയ സൂപ്പര്‍ ബൈക്കില്‍ പാഞ്ഞുനടന്ന യുവാവിനെ ഒടുവില്‍ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. കാമറകളില്‍ ഒന്നും പെടാതെ വാഹനപരിശോധനയ്ക്ക് കൈകാണിച്ചാല്‍ നിര്‍ത്താതെ പാഞ്ഞ ബൈക്കിന്റെ ചിത്രം പകര്‍ത്തിയാണ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയെ കുടുക്കിയത്. ബൈക്കില്‍ ഉണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ഐഡിയാണ് യുവാവിന് വിനയായത്.
ഇന്‍സ്റ്റഗ്രാം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വാഹന ഉടമയായ യുവാവിനെ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടുകയായിരുന്നു. നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിയിലേക്ക് കൈമാറണമെന്നാണ് ചട്ടം. ഇതനുസരിച്ച് ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ.
അഴിച്ചുമാറ്റാന്‍ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ പൊട്ടിച്ചെടുത്ത് യുവാക്കള്‍ പായുന്നെന്ന പരാതിയെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.