കൊച്ചി: പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ട. കേരളം അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ് എന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും നാളെ സംയുക്തപ്രക്ഷോഭം നടത്താനിരിക്കെയാണ് നിയമത്തെ പിന്തുണച്ചും നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിയും ഗവർണർ രംഗത്തെത്തിയത്.നാളെ രാവിലെ പത്ത് മുതലാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്തപ്രതിഷേധം. പിണറായി സർക്കാർ വന്നശേഷം ഇതാദ്യമായാണ് ഭരണ-പ്രതിപക്ഷങ്ങൾ കൈകോർത്ത് കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത്.
അതേസമയം, സർക്കാരുമായി ചേർന്നുള്ള സമരത്തിൽ കോൺഗ്രസ്സിലും യുഡിഎഫിലും ഭിന്നാഭിപ്രായങ്ങളുമുണ്ട്. ഒറ്റക്കുള്ള സമരമായിരുന്നു ഗുണമെന്നും സംയുക്ത സമരത്തിലൂടെ സർക്കാരിൻറെ പ്രതിച്ഛായക്കാണ് നേട്ടമുണ്ടാകുകയെന്നുമാണ് വിമർശകരുടെ നിലപാട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സംയുക്തസമരത്തിന് മുൻകയ്യെടുത്തത്. പ്രതിപക്ഷം സമരത്തിന് നിർബന്ധിതരായെന്ന മട്ടിലാണ് സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ വരുന്നത്.