പുതിയ ഫോണുകൾ സമർപ്പിച്ച് കബളിപ്പിക്കാൻ നീക്കമെന്ന് ക്രൈം ബ്രാഞ്ച്; ഫോറൻസിക് റിപ്പോർട്ട് നിർണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ ദിലീപടക്കം നാലുപ്രതികൾ മൊബൈൽ ഫോൺ മാറ്റിയെന്ന് ക്രൈംബ്രാഞ്ച്. തെളിവുകൾ നശിപ്പിക്കാനാണ് പ്രതികൾ ഫോൺ മാറ്റിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
തെളിവുകൾ ശേഖരിക്കാൻ വേണ്ടി പ്രതികളോട് ക്രൈംബ്രാഞ്ച് മൊബൈൽ ഫോണുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ പുതിയ ഫോണുകൾ കൈമാറിയതിലൂടെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് കിട്ടാനുണ്ട്. ഇതുകൂടി കിട്ടിയ ശേഷം മാത്രമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ കഴിയുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ അറിയിച്ചു.കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജും അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് പ്രതികളെ ചോദ്യം ചെയ്തത്. റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. അതിനുശേഷമായിരിക്കും പ്രതികളുടെ ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടാകുക.