“ഞാനും ….. ഞാനുമെന്റോളും മോളും ആ ഇരുപത്തിയാറും…..”
പാട്ടു പാടിയതല്ലാട്ടോ.. ഷാനവാസ് പാദൂരും സംഘവും ഇന്ന് കാസർഗോഡ് ജനറൽ ആശുപത്രി രക്തബാങ്കിലെത്തി രക്തദാനം നടത്തിയപ്പോൾ അറിയാതെ പറഞ്ഞു പോയതാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന കാലം , രക്തബാങ്കുകളിൽ ആവശ്യത്തിന് രക്തമില്ലാതെ രോഗികളും ബന്ധുക്കളും നെട്ടോട്ടമോടുന്ന ദിനരാത്രങ്ങൾ,
ബ്ലഡ് ഡോണേർസ് കേരളയുടെ പ്രവർത്തകർക്കും വിശ്രമമില്ലാത്ത നാളുകൾ
കാസർകൊട് ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ കൂടിയായ ഷാനവാസ് പാദൂർ രക്ത ദാനത്തിനെത്തുമെന്നറിയിച്ചാൽ അതൊരാശ്വാസമാണ്.
ആ വലിയ പൊതുപ്രവർത്തകൻ ഒറ്റക്കായിരിക്കില്ലെന്നുറപ്പാണ്. കുടുംബവും സുഹൃത്തുക്കുമൊക്കെയായിട്ടാണ് എന്നും വരാറുള്ളത്.
ഇന്നും പതിവ് തെറ്റിച്ചില്ല. ദേശീയ സമ്മതിദാന ദിനമായ ജനുവരി 25 ന് ഭാര്യ സുമയ്യയും മകൾ സഫ നൈനയുമടക്കം 25 പേരേയും കൂട്ടി രക്ത ദാനത്തിനെത്തി.
ഈയടുത്തകാലത്ത് 18 വയസ്സ് പൂർത്തിയായ മകൾ സഫ നൈന പാദൂരിന്റെ പ്രഥമ രക്തദാനം കൂടിയായിരുന്നു ഇന്ന്. രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം എന്ന മുദ്രാവാക്യം എന്നും നെഞ്ചോടു ചേർത്തുപിടിക്കുന്ന ഷാനവാസ് പാദൂർ എന്ന യുവാക്കളുടെ ഹരമായ, അതിലേറെ പ്രചോദനമായ പൊതുപ്രവർത്തകന്റെ ഈ നന്മ മനസ്സിനൊപ്പം എന്നും കൂടെ നിൽക്കാൻ കുടുംബക്കാരും സുഹൃത്തുക്കളും ബ്ലഡ് ഡോണേർസ് കേരള എന്ന സംഘടനയുമുണ്ട്.
അത് തന്നെയാണ് ഷാനവാസിനെ വേറിട്ടു നിർത്തുന്നതും മാതൃകാ പൊതുപ്രവർത്തനത്തിന്, കൃത്യമായ ഇടവേളകളിൽ സ്വയം സന്നദ്ധ രക്തദാനത്തിനൊപ്പം കൂടെ ഉള്ളവരെയും പ്രചോദിപ്പിക്കുന്നതാവണം ഒരു നേതാവ് എന്ന് ഷാനവാസ് പാദൂർ വീണ്ടും തെളിയിക്കുകയാണ്. കാസർകൊട് ജനറൽ ആശുപത്രി രക്തബാങ്കിൽ നടന്ന ക്യാമ്പ് ബി ഡി കെ കാസർഗോഡുമായി ചേർന്നാണ് സംഘടിപ്പിച്ചത്. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യനായർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബി ഡി കെ ഭാരവാഹികളായ നൗഷാദ് കണ്ണമ്പള്ളി, വിനോദ് എരവിൽ , ദിപിൻ ജോസഫ് , അസ്ലം തെക്കിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.