നടിയെ ആക്രമിച്ച കേസ്: ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലങ്ങൾ കിട്ടി; അവസാന മണിക്കൂറിൽ ചോദ്യം ചെയ്യൽ കടുപ്പിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലങ്ങൾ ലഭിച്ചു. അടുത്തിടെ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളാണ് പരിശോധനയ്ക്ക് അയച്ചു കൊടുത്തത്. കൂടുതൽ റിപ്പോർട്ടുകൾ ഇനിയും വരാനുണ്ടെന്നാണ് എഡിജിപി ശ്രീജിത്ത് പറഞ്ഞത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുകയാണ്. പരിശോധനാഫലങ്ങൾ ലഭിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യൽ കടുപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന്റെ ഭാഗമായി കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണസംഘം വിളിച്ചു വരുത്തുന്നുണ്ട്.
സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ വ്യാസൻ എടവനക്കാടിനെയും ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാത്രി എട്ട് മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നൽകിയിരിക്കുന്നത്. അതേസമയം, ദിലീപിനെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ വൈകിട്ടോടു കൂടി അന്തിമ തീരുമാനമെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കഴിഞ്ഞ ദിവസം സംവിധായകൻ റാഫിയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയിരുന്നു. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളിൽ നിന്ന് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാൻ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ചു വരുത്തും.