എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾ കാറപകടത്തിൽ കൊല്ലപ്പെട്ടു
മുംബയ്: ബിജെപി എംഎൽഎയുടെ മകൻ ഉൾപ്പെടെയുള്ള ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾ കാറപകടത്തിൽ മരിച്ചു. തിഹോറ മണ്ഡലത്തിലെ എംഎൽഎ വിജയ് റഹംഗ്ദലെയുടെ മകൻ അവിഷ്കറും സുഹൃത്തുക്കളുമാണ് മരിച്ചത്.വിദ്യാർത്ഥികൾ സെൽസുര വഴി കാറിൽ കടന്നുപോകുമ്പോഴായിരുന്നു അപകടം. കാറിനു മുന്നിലേയ്ക്ക് ഒരു വന്യമൃഗം ചാടുകയും മൃഗത്തെ ഇടിക്കാതിരിക്കാൻ കാർ തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി ഒരു കുഴിയിലേയ്ക്ക് വീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതെന്ന് എസ്പി പ്രശാന്ത് ഹോൾക്കർ പറഞ്ഞു.നീരജ് ചൗഹാൻ, നിതേഷ് സിംഗ്, വിവേക് നന്ദൻ, പ്രത്യുഷ് സിംഗ്, ശുഭം ജയ്സ്വാൾ, പവൻ ശക്തി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു വിദ്യാർത്ഥികൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് പിഎംഎൻആർഎഫിൽ നിന്ന് 50000രൂപ വീതവും കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകും