അനുഷ്കയുമായി കൈകോർത്ത് നെറ്റ്ഫ്ളിക്സും ആമസോണും; ഉണ്ടാക്കിയത് 403 കോടിയുടെ കരാർ
അനുഷ്ക ശർമയുമായി 403 കോടിയുടെ കരാറുണ്ടാക്കി ആമസോണും നെറ്റ്ഫ്ളിക്സും. അനുഷ്കയുടെ ക്ലീൻസ്ളേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമായിട്ടാണ് ഒടിടി ഭീമന്മാർ കരാറുണ്ടാക്കിയത്. നടിയുടെ സഹോദരനും ക്ലീൻസ്ളേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കർണേഷ് എസ് ശർമ ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.അടുത്ത പതിനെട്ട് മാസങ്ങളിൽ കമ്പനി നിർമിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യാനാണ് കരാറുണ്ടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അനുഷ്കയും കർണേഷും ചേർന്ന് 2013 ലാണ് ക്ലീൻസ്ളേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്.ക്ലീൻസ്ളേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ആദ്യമായി നിർമിച്ചത് അനുഷ്കയുടെ എൻ.എച്ച് 40 ആയിരുന്നു. അതിനുശേഷം ഫില്ലൗരി, പരി തുടങ്ങിയ സിനിമകളും നിർമിച്ചു. പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുഷ്ക നിർമാണ രംഗത്തിറങ്ങിയത്.