പ്രതികളിലൊരാൾ മാപ്പുസാക്ഷിയായേക്കും; എല്ലാം തുറന്നുപറഞ്ഞ ശേഷം പ്രതി പൊട്ടിക്കരഞ്ഞെന്നും അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങൾ തുറന്നു പറഞ്ഞയായി സൂചന. ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോൾ താൻ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ്പ്രതി വെളിപ്പെടുത്തിയത്.എന്നാൽ പ്രതിയുടെ പേര് പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.ആദ്യത്തെ ദിവസത്തെ ചോദ്യംചെയ്യലിൽ തന്നെ ഗൂഢാലോചന നടന്ന കാര്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. തനിക്ക് അതിൽ ഒരു പങ്കുമില്ലെന്നും ആവർത്തിച്ചു പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവത്തെ ചോദ്യം ചെയ്യലിനിടയിൽ രണ്ട് തവണ പ്രതി പൊട്ടിക്കരഞ്ഞെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. കടുത്ത മാനസിക സമ്മർദ്ദത്തിലായതുകൊണ്ട് പ്രതിക്ക് വിശ്രമിക്കാൻ സമയം നൽകിയിരിക്കുകയാണ്. കേസിൽ ഇയാളെ മാപ്പു സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.