ആദിവാസി കോണ്‍ഗ്രസില്‍ പോര് മുറുകി
ഡിസിസി പ്രസിഡണ്ടിനെതിരെ പരാതിയുമായി സി. കൃഷ്ണൻ
കാഞ്ഞങ്ങാട് : ചര്‍ച്ചകള്‍ ഇല്ലാതെ ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയെന്ന് കാട്ടി ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ പരാതി. സ്വന്തക്കാരനായ പഞ്ചായത്തംഗത്തെ തിരുകി കയറ്റിയെന്ന് ആരോപിച്ച് നിലവിലെ പ്രസിഡന്റ് ബളാലിലെ സി കൃഷ്ണനാണ് കെപിസിസിക്ക് പരാതി നല്‍കിയത്.
പുല്ലുര് പെരിയ പഞ്ചായത്തംഗം രതീഷ് കാട്ടുമാടത്തിനെയാണ് പുതിയ പ്രസിഡന്റായി നിയമിച്ചത്. ദീര്‍ഘകാലമായി കോണ്‍ഗ്രസ് നേതൃനിരയിലുള്ള സി കൃഷ്ണനുമായോ ജില്ലാ കമ്മറ്റിയുമായോ ആലോചിക്കാതെ ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നാണ് പരാതി. പഞ്ചായത്ത് യോഗത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്തതിനാല്‍ മണ്ഡലം കോണ്‍ഗ്രസ് വിശദീകരണം ചോദിച്ച വ്യക്തിയാണ് രതീഷെന്നും വാര്‍ഡിന്റെ ചുമതല പോലും നിര്‍വഹിക്കാന്‍ പ്രാപ്തിയില്ലാത്തയാളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സി കൃഷ്ണന് പറഞ്ഞു.