നേരിയ ആശ്വാസം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രണ്ടര ലക്ഷം പുതിയ കേസുകൾ, ടിപിആർ നിരക്കും കുറഞ്ഞു
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,55,874 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 16.39 ശതമാനം കുറവാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. 3.06 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി. 439 മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 4,89,848 ആയി ഉയർന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.15 ആയി ഉയർന്നു. 162.92 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നൽകിയത്.രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നു നിന്നിരുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് ആശുപത്രികൾ ഒഴികെയുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശനം നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ അസം സർക്കാർ പുറപ്പെടുവിച്ചിരിക്കുകയാണ്.