സാംഗ്രൂര്‍: ദേശീയ സീനിയര്‍ സ്കൂള്‍ കായികമേളയില്‍ കേരളം ചാമ്പ്യന്മാര്. പെണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെയാണിത്. റിലേയിലും മെഡല്‍ നേടിയതോടെ ആന്‍സി സോജന് മീറ്റിലെ നാലാം സ്വര്‍ണം കരസ്ഥമാക്കി. ആന്‍സി സോജന്റെ അവസാന മീറ്റാണിത്.
ആണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേയിലും കേരളം സ്വര്‍ണം ഓടിയെടുത്തു. ആദ്യ മൂന്ന് ദിവസം കിതച്ചെങ്കിലും ഇന്നലെ നേടിയ 80 പോയിന്റിലാണ് കേരളത്തിന്റെ കുതിപ്പ്. സാംഗ്രൂരിലെ കൊടുംതണുപ്പിനെ മറികടന്നാണ് കേരളത്തിന്റെ സുവര്‍ണനേട്ടം എന്നതും ശ്രദ്ധേയമാണ്. നാലാം ദിനം മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്ന് പോയിന്റ് മാത്രമാണ് കേരളത്തിന് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നടന്ന ആറ് ഫൈനലുകളില്‍ രണ്ട് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി. ആകെ എട്ട് സ്വര്‍ണമാണ് മീറ്റില്‍ കേരളം സ്വന്തമാക്കിയത്. ഹരിയാന, മഹാരാഷ്ട്ര ടീമുകളുടെ വെല്ലുവിളികളെയെല്ലാം അവസാന ദിവസം അതിജീവിക്കാന്‍ കേരളത്തിനായി.