കോവിഡ് മരണം ; 60 ശതമാനവും വാക്സിൻ എടുക്കാത്തവർ
കെറോണയുടെ മൂന്നാം തരംഗത്തില്‍ രോഗം ബാധിച്ച് മരിക്കുന്ന 60 ശതമാനം ആളുകളും വാക്സിനെടുക്കാത്തവരെന്ന് പഠനം. കൊറോണ പ്രതിരോധ വാക്സിന്റെ ഒറ്റ ഡോസ് മാത്രം എടുത്തവരോ യാതൊരു വാക്സിനും സ്വീകരിക്കാത്തവരോ ആയ വ്യക്തികളാണ് മഹാമാരി ബാധിച്ച് മരിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും 70 വയസിന് മുകളിലുള്ളവരാണ്. അതും ഗുരുതരമായ രോഗങ്ങളുള്ള പ്രായമേറിയവരാണ് മഹാമാരിക്ക് കീഴടങ്ങുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവര്‍, വൃക്ക തകരാറിലായവര്‍, പ്രമേഹരോഗികള്‍, കാന്‍സര്‍ ബാധിച്ചവര്‍ എന്നിവരാണിത്.
ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും പ്രതിരോധ ശേഷി കുറവുള്ളവരോ ഗുരുതര രോഗമുള്ളവരോ ആണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ 10,756 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നാം തരംഗം ആരംഭിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് കൊറോണ കേസുകള്‍ കുതിച്ചുയര്‍ന്നിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ശേഷം ഇപ്പോള്‍ ഡല്‍ഹിയില്‍ ടി.പി.ആര് കുറഞ്ഞുവരുന്ന സാഹചര്യമാണുള്ളത്. നിലവില്‍ 18.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.