സംസ്ഥാനത്ത് കോവിഡ് പരിശോധനാഫലം കിട്ടാതെ ജനം വലഞ്ഞു
ആരോഗ്യവകുപ്പിന്റെ ലാബ് ഡേറ്റ മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലിന്റെ സെര്‍വര്‍ തകരാറിലായതോടെ ഇന്നലെ സംസ്ഥാനത്ത് കോവിഡ് പരിശോധനാഫലം കിട്ടാതെ ജനം വലഞ്ഞു. ഇതോടെ സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് കണക്കുകളുടെ വിവരശേഖരണവും യഥാസമയം പൂര്‍ത്തിയാക്കാനായില്ല. ശനിയാഴ്ച രാത്രിവരെയുള്ള പരിശോധനാഫലങ്ങള്‍ മാത്രമാണ് ലാബുകളില്‍ നിന്ന് അപ്ലോഡ് ചെയ്യാനായത്. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് പുറമേ സ്വകാര്യ ലാബുകളും ഡേറ്റാ മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ ഫലം രേഖപ്പെടുത്തിയ ശേഷമേ പൊതുജനങ്ങള്‍ക്ക് നല്‍കാവൂ എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ വിദേശത്തേക്ക് ഉള്‍പ്പെടെ പോകാനുള്ളവര്‍ ശനിയാഴ്ച രാവിലെ സാമ്പിള്‍ നല്‍കിയിട്ടും ഇന്നലെയും ഫലം ലഭിക്കാത്ത സ്ഥിതിയുണ്ടായി. ആവശ്യക്കാര്‍ വാശിപിടിച്ചതോടെ സ്വകാര്യ ലാബുകള്‍ ഫലം പോര്‍ട്ടലില്‍ രേഖപ്പെടുത്താതെ നല്കി.