ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്ക്; കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ബാലചന്ദ്രകുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ. ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കാവ്യാമാധവനെ ഏൽപ്പിച്ചുവെന്നും പക്ഷേ കാവ്യയ്ക്ക് ദൃശ്യങ്ങളെ കുറിച്ച് അറിയുമോയെന്ന് തനിക്കറിയില്ലെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ചാനലുകളിൽ പറഞ്ഞത്.ദിലീപിന്റെ വീട്ടിൽ ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഒരു നടി വിവാഹം ക്ഷണിക്കാൻ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറിൽ ചെന്ന് ടാബ് എടുത്ത് കൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബിൽ ദൃശ്യങ്ങൾ കണ്ടു. 15 മിനിറ്റോളം അവർ ദൃശ്യങ്ങൾ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തിൽ നിന്ന് മനസിലായത്. ശേഷം ടാബ് കാവ്യയുടെ കൈയിൽ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അർത്ഥത്തിൽ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു.സംസാരത്തിനിടയിൽ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളിൽ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവർ ദൃശ്യങ്ങൾ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയിൽ പിടിച്ചാണ് അവർ ദൃശ്യങ്ങൾ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവർക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ നടത്താൻ സാധിക്കില്ലെന്നുമാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.