റേഷന്‍കട ഉടമയാകാന്‍ 2000 പേര്‍ക്ക് അവസരം; യോഗ്യത എസ്.എസ്.എല്‍.സി
ആലപ്പുഴ: വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷന്‍കട ലൈസന്‍സ് നല്കുന്ന നടപടികള്‍ക്കു സംസ്ഥാനത്ത് തുടക്കമാകുന്നു. 2000 റേഷന്‍കടകളുടെ ലൈസന്‍സാണ് എസ്.എസ്.എല്‍.സി. പാസായവര്‍ക്കു നല്‍കുന്നത്.
നേരത്തേ കടകളുടെ നടത്തിപ്പിനു വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചിരുന്നില്ല. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ചുവടുപിടിച്ച് കേരള റേഷനിങ് ഓര്‍ഡര്‍ പരിഷ്കരിച്ചാണു വിദ്യാഭ്യാസയോഗ്യത പ്രധാന മാനദണ്ഡമാക്കിയിട്ടുള്ളത്. ബാങ്കിങ് സേവനമുള്‍പ്പെടെ ആരംഭിക്കുന്ന സാഹചര്യത്തില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടിയാണിത്. എന്നാല്‍, നിലവില്‍ റേഷന്‍കട നടത്തുന്ന എസ്.എസ്.എല്‍.സി. പാസാകാത്തവരുടെ ലൈസന്‍സ് റദ്ദാക്കില്ല.
വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടതും മറ്റു റേഷന്‍കടകളില്‍ ലയിച്ചു പ്രവര്‍ത്തിക്കുന്നതുമായ റേഷന്‍കടകളുടെ ലൈസന്‍സാണ് എസ്.എസ്.എല്‍.സി.ക്കാര്‍ക്കു നല്‍കുന്നത്.
ലൈസന്‍സ് വിതരണവുമായി ബന്ധപ്പെട്ട് അപേക്ഷിക്കാനുള്ള ഫോറത്തിന്റെ മാതൃക പൊതുവിതരണവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസുകളില്‍ ഉടന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും. ആദ്യഘട്ടത്തില്‍ പട്ടികവിഭാഗത്തിനു സംവരണംചെയ്ത റേഷന്‍കടകളുടെ ലൈസന്‍സാണു നല്‍കുക. പിന്നീടേ മറ്റുള്ളവരെ പരിഗണിക്കൂ. സ്വാശ്രയസംഘങ്ങള്‍, വനിതാ ഗ്രൂപ്പുകള്‍, വിമുക്തഭടന്മാര്, പഞ്ചായത്തുകള്‍, സഹകരണ സൊസൈറ്റികള്‍ എന്നിവയ്ക്കും റേഷന്‍കട നടത്തിപ്പിനു മുന്‍ഗണന നല്കാന് വ്യവസ്ഥചെയ്തിട്ടുണ്ട്.
യോഗ്യത;
* അപേക്ഷകന് 21 വയസ്സു തികയണം. 62ല്‍ കൂടരുത്.
* റേഷന്‍കട സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപനപരിധിയില്‍ മൂന്നുവര്‍ഷം സ്ഥിരതാമസക്കാരനായിരിക്കണം. ബന്ധപ്പെട്ട വാര്‍ഡിലുള്ളവര്‍ക്കു മുന്‍ഗണന.
* പട്ടികവിഭാഗത്തില്പ്പെട്ടവരാണെങ്കില് റേഷന്‍കട സ്ഥിതിചെയ്യുന്ന താലൂക്കിലെ സ്ഥിരതാമസക്കാരനാകണം. കടയുള്ള തദ്ദേശസ്ഥാപനപരിധിയിലുള്ളവര്ക്കു മുന്‍ഗണന.
* തുല്യയോഗ്യതയുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ കൂടുതല്‍ പ്രായമുള്ളവരെ പരിഗണിക്കും.